dubai-duty-free

ദുബായ്: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പെടുത്തോ എന്ന് ആരെങ്കിലും ദുബായിൽ ചോദിച്ചു കഴിഞ്ഞാൽ, അതൊക്കെ മലയാളികൾ അടിച്ചെടുക്കകയല്ലേ എന്ന് ഏത് അറബിയ്‌ക്കും പറയേണ്ടി വരും. കാര്യം തമാശയാണെങ്കിലും കുറച്ചു നാളുകളായി അങ്ങനെയാണ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് അടിക്കുന്നതിൽ ഭൂരിഭാഗവും നമ്മൾ മലയാളികൾക്കാണ്. ഇത്തവണയും മാറ്റമൊന്നുമില്ല. പെരുന്നാൾ സമ്മാനമായി 7 കോടി രൂപ (10 ലക്ഷം യുഎസ് ഡോളർ) അടിച്ചിരിക്കുന്നത് കോട്ടയം സ്വദേശിക്കാണ്.

കോട്ടയം കുറവിലങ്ങാട് പഞ്ചമിയിൽ രവീന്ദ്രൻ നായർ–രത്നമ്മ ദമ്പതികളുടെ മകൻ പി.ആർ.രതീഷ് കുമാറിനെയാണ് ഭാഗ്യം തേടിയെത്തിയത്. ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ രതീഷ് കുമാർ കഴിഞ്ഞ രണ്ടു വർഷമായി ഭാഗ്യം പരീക്ഷിക്കുന്നു. ഏപ്രിൽ രണ്ടിനാണ് സമ്മാനം നേടിയ കൂപ്പൺ വാങ്ങിയത്. ഇന്ന് രാവിലെ 11.15ന് ഓഫിസിലിരിക്കുമ്പോൾ സന്തോഷവാർത്തയുമായി ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോളെത്തുകയായിരുന്നു.

സമ്മാനം ലഭിച്ച വിവരം ഭാര്യയോട് പറഞ്ഞെങ്കിലും വിശ്വസിച്ചില്ലെന്ന് രതീഷ് പറയുന്നു. ഒടുവിൽ ഏറെ പണിപെട്ടാണ് വിശ്വസിപ്പിച്ചെടുത്തതത്രേ. കോടീശ്വരനായെങ്കിലും ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കാനൊന്നും ഈ കോട്ടയംകാരൻ തയ്യാറല്ല. ആദ്യം സമ്മാനം ലഭിച്ചതിന്റെ ഞെട്ടൽ മാറട്ടെ എന്നിട്ടാകാം ഭാവി പദ്ധതികളെന്നാണ് രതീഷിന്റെ തീരുമാനം.