മുംബയ്: സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെ കെണിയിൽ വീഴരുതെന്ന് ബി.ജെ.പി. എം.പി. ഗൗതം ഗംഭീറിനെ ഉപദേശിച്ച് ബോളിവുഡ് നടനും ബി.ജെ.പി. അനുകൂലിയുമായ അനുപം ഖേർ. ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്ലിം യുവാവിന് നേരെ നടന്ന വർഗ്ഗീയ ആക്രമണത്തിനെ വിമർശിച്ചുകൊണ്ട് ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അനുപം ഖേറിന്റെ ഉപദേശം. തിരഞ്ഞെടുപ്പിൽ വിജയം നേടിയ ഗംഭീറിന് തന്റെ അഭിനന്ദനം അറിയിക്കുകയായിരുന്നു ഖേർ.
'പ്രിയപ്പെട്ട ഗൗതം ഗംഭീർ, വിജയാശംസകൾ. അഭിമാനമുളള ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ താങ്കളുടെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നു. എന്നിൽ നിന്നും താങ്കൾ ഉപദേശം പ്രതീക്ഷിക്കുന്നില്ല എന്നറിയാം. എങ്കിലും പറയട്ടെ. സോഷ്യൽ മീഡിയയിൽ പ്രശസ്തനായി കെണിയിൽ വീഴരുത്. താങ്കൾ പ്രവർത്തനങ്ങളിലൂടെയാണ് സംസാരിക്കേണ്ടത്. വാക്കുകളിലൂടെയല്ല.' അനുപം ഖേർ ട്വീറ്റ് ചെയ്തു.
മെയ് 25നാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ വെച്ച് ഒരുകൂട്ടം ആൾക്കാർ ഒരു മുസ്ലിം യുവാവിനെ ആക്രമിച്ചത്. ഇവർ ഇയാളുടെ തൊപ്പി വലിച്ചെറിയുകയും, മർദ്ദിക്കുകയും 'ജയ് ശ്രീരാം' എന്ന് വിളിച്ചുപറയാൻ ഇയാളോട് ആക്രോശിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ 'അങ്ങേയറ്റം അപലപനീയമെന്ന്' വിളിച്ച ഗൗതം ഗംഭീർ, അധികാരികളോട് ഉടൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.