കൊൽക്കത്ത: പശ്ചിമബംഗാളിൽ മമത ബാനർജിയുടെ സർക്കാരിനെ 2021ഓടെ താഴെയിറക്കുമെന്ന അവകാശവാദവുമായി ബി.ജെ.പി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി തൃണമൂലിലെ രണ്ട് എം.എൽ.എമാരും 50 കൗൺസിലർമാരും തങ്ങളുടെ പാർട്ടിയിൽ ചേർന്നെന്നും ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് തൃണമൂൽ കോൺഗ്രസിന്റെ വിശദീകരണം.
'നിലവിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ എം.എൽ.എ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. അദ്ദേഹത്തോടൊപ്പം ആറ് കൗൺസിലർമാരും പാർട്ടി വിട്ടിട്ടുണ്ട്. മറ്റ് എം.എൽ.എമാർ സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നുള്ളവരാണ്'- തൃണമൂൽ ട്വീറ്റിൽ വ്യക്തമാക്കി. തൃണമൂലിന്റെ ട്വീറ്റ് പുറത്തുവന്നതോടെ ബി.ജെ.പിയുടെ അവകാശവാദം പൊളിയുകയാണ്. മമതയുടെ പാർട്ടിയിൽ നിന്നും മിക്ക നേതാക്കളും ബി.ജെ.പിയിലേക്ക് വരികയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ബംഗാളിൽ സർക്കാർ രൂപീകരിക്കുമെന്നാണ് ദേശീയ നേതാക്കൾ ഇന്നലെ വ്യക്തമാക്കിയത്.
തൃണമൂലിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി നേതാവ് മുകുൾ റോയിയുടെ മകൻ ശുഭ്രാംശു റോയിയാണ് തൃണമൂൽ വിട്ടത്. തൃണമൂൽ എം.എൽ.എയായ തുഷാർകാന്തി ഭട്ടാചാര്യ മമതയെ കൈവിട്ടെന്നാണ് ബി.ജെ.പി ഇന്നലെ അറിയിച്ചത്. തൃണമൂലിന്റെ ട്വീറ്റ് പുറത്തുവന്നതോടെ ഇക്കാര്യം വാസ്തവ വിരുദ്ധമാണെന്നാണ് മനസിലാക്കാം. ദേബേന്ദ്ര റോയി ആണ് സി.പി.എമ്മിൽ നിന്ന് പുറത്തുചാടിയ സാമാജികൻ. ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി കൈലാഷ് വിജയവർഗീയയും ബംഗാളിലെ ബി.ജെ.പി. നേതാവ് മുകുൾ റോയിയും ചേർന്ന് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
ബംഗാളിൽ ഏഴു ഘട്ടങ്ങളായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നതു പോലെ തൃണമൂൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിലേക്കുള്ള വരവും ഏഴു ഘട്ടങ്ങളായി നടക്കുമെന്നും, ഇത് ഒന്നാംഘട്ടം മാത്രമാണെന്നും കൈലാഷ് വിജയവർഗീയ പറഞ്ഞിരുന്നു. മമതയുടെ പക്ഷത്തു നിന്ന് കൂടുതൽ നേതാക്കൾ വരുംദിവസങ്ങളിൽ ബി.ജെ.പിയിലേക്കു മാറുമെന്ന് സൂചനയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി വൻ വിജയമാണ് സ്വന്തമാക്കിയത്.