ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തിൽ മൗനം തുടരുകയാണ് രാഹുൽ ഗാന്ധി.അദ്ദേഹം മൗനം വെടിയുമെന്നും പാർട്ടി ചുമതലകൾ ഏറ്റെടുക്കുമെന്നുമുളള പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും പാർട്ടി നേതാക്കൾ. ഇതിനിടയിൽ ഇന്ത്യയൊട്ടാകെ രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരതപര്യടന' യാത്ര നടത്താനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.
പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നത് വരെ പാർട്ടി അദ്ധ്യക്ഷനായി തുടരാൻ പാർട്ടി നേതൃത്വം ആവശ്യപെട്ടിട്ടുണ്ടെങ്കിലും രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ പ്രതിപക്ഷ പാർട്ടി പദവി കോൺഗ്രസ് ആവശ്യപ്പെടും. ഇതിനു ശേഷം പാർട്ടി ചുമതലകൾ കൈമാറിയ ശേഷമാകും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭാരതപര്യടനം നടത്തുക.
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും എന്നാണ് സൂചനകൾ. ചെറിയ പെരുന്നാൾ കഴിയുമ്പോൾ രാഹുൽ ഗാന്ധി വയനാട്ടിലെത്തും. കോൺഗ്രസ് സംസ്ഥാന ഘടകങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനും കോൺഗ്രസ് നേതാക്കൾ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.