കോഴിക്കോട് : ബസിൽ യാത്രയ്ക്കിടെ ശ്വാസം ലഭിക്കാതെ പിഞ്ചുകുഞ്ഞ് പിടയുമ്പോൾ മറ്റൊന്നും ആലോചിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ തയ്യാറായിരുന്നില്ല, അടുത്തുള്ള ആശുപത്രിയിലേക്ക് മറ്റൊരു വാഹനത്തിൽ കയറ്റി അയക്കാനോ ആംബുലൻസ് വിളിക്കാനോ ആയിരുന്നില്ല കോഴിക്കോട് ലക്ഷ്യമാക്കി അടിവാരത്തുനിന്നും നിന്നും പുറപ്പെട്ട കെ.എസ്.ആർ.ടിസി ബസിലെ ജീവനക്കാരപ്പോൾ ചിന്തിച്ചത്. വളയം തിരിച്ചുപിടിച്ച് റൂട്ട് മാറി ഓടിയ ബസ് ചെന്നുനിന്നത് മദർ മേരി ആശുപത്രിയുടെ കാഷ്വാലിറ്റി ഗേറ്റിന് മുന്നിലാണ്.
രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് താരമായിരിക്കുകയാണ് ആർഎസ്എം 924, കെ.എൽ 15 എ461 എന്ന കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാർ. ബസിൽ യാത്രചെയ്ത നൂറാംതോട് സ്വദേശികളായ ബാബു അബിദ എന്നിവരുടെ കുഞ്ഞിനാണ് യാത്രയ്ക്കിടെ ശ്വാസതടസമുണ്ടായത്.ശ്വാസത്തിനായി കുഞ്ഞ് പിടഞ്ഞപ്പോളാണ് താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി റൂട്ട് മാറി മലയാളികളുടെ സ്വന്തം ആനവണ്ടി ജീവൻ രക്ഷിക്കാനായി ഒരു ആംബുലൻസായി പാഞ്ഞത്. ഇവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പനി കൂടിയതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.