ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ച അമേരിക്കയിലെ 'ടൈം' മാസിക പുതിയ ലേഖനവുമായി വീണ്ടുമെത്തി. ടൈമിന്റെ ലേഖനം രാഷ്ട്രീയ രംഗത്ത് എറെ വിവാദമാകുകയും ചെയ്തിരുന്നു. ഇത്തവണ പക്ഷെ മോദിയെ പ്രകീർത്തിച്ചുകൊണ്ടാണ് മാസികയിൽ ലേഖനം വന്നിരിക്കുന്നത്. 'ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന നേതാവെ'ന്നാണ് മോദിയെ ഇപ്പോൾ മാസിക വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ 'ഇന്ത്യയെ വിഘടിക്കുന്ന പ്രമുഖൻ' എന്നാണ് മാസിക മോദിയെ വിളിച്ചത്.
'മറ്റാർക്കും കഴിയാത്തത് പോലെ മോദി ഇന്ത്യയെ ഒന്നിപ്പിക്കുന്നു' എന്ന തലക്കെട്ടിലാണ് മാസികയിൽ ലേഖനം വന്നത്. മനോജ് ലാദ്വ എന്നൊരാളാണ് ലേഖനം എഴുതിയിരിക്കുന്നത്. 2014ൽ നരേന്ദ്ര മോദിക്കായി പ്രചരണം നടത്തിയ ആളാണ് മനോജ് ലാദ്വ. പിന്നാക്ക സമുദായത്തിൽ ജനിച്ച ജനിച്ചയാളെന്നതാണ് മോദിയെ ഐക്യത്തിന്റെ നേതാവാക്കി മാറ്റുന്നതെന്നും ലേഖനത്തിൽ പറയുന്നു. ടൈം മാസികയുടെ വെബ്സൈറ്റിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്.
പല തട്ടുകളിലായി ഭിന്നിച്ച് നിൽക്കുന്ന ഇന്ത്യയിലെ ജനങ്ങളെ മോദി സമർത്ഥമായി ഒന്നിപ്പിച്ചുവെന്നും ലേഖനത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ മോദി വോട്ടർമാരെ ഒന്നിപ്പിച്ചത് പോലെ മറ്റാരും ചെയ്തിട്ടില്ല. തന്റെ പുരോഗമന നയങ്ങളിലൂടെ മോദി ഇന്ത്യക്കാരുടെ പട്ടിണി മാറ്റി. ലേഖനത്തിൽ പറയുന്നു.
നേരത്തെ വന്ന ലേഖനത്തിന് മറുപടി എന്നോണമാണ് പുതിയ ലേഖനം ടൈം മാസിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുൻപ് ആതിഷ് തസീർ എന്ന പത്രപ്രവർത്തകൻ എഴുതിയ ലേഖനം ബി.ജെ.പി ലോക്സഭാ പ്രചാരണത്തിന് വിഷയമാക്കിയിരുന്നു. ആതിഷ് പാകിസ്ഥാനി ആണെന്നും അതുകൊണ്ടാണ് മോദിക്കെതിരെ ലേഖനമെഴുതിയതെന്നുമാണ് ബി.ജെ.പി ആരോപിച്ചത്.