arun-jaitly

ന്യൂഡൽഹി: രണ്ടാം മന്ത്രിസഭയിൽ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി. നരേന്ദ്ര മോദിക്കയച്ച കത്തിലാണ് ജെയ്‌റ്റ്‌ലി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ തന്നെ അലട്ടുകയാണെന്നും, അതിനാൽ ചികിത്സയും ആരോഗ്യവും ശ്രദ്ധിക്കുന്നതിന് പുതിയ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജെയ്‌റ്റ്‌ലിയുടെ കത്തിന്റെ ഉള്ളടക്കം.

'കഴിഞ്ഞ 18 മാസമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. എന്നാൽ അതിൽ നിന്ന് കുറേയൊക്കെ അതിജീവിക്കാൻ ഡോക്‌ടർമാർ സഹായിച്ചു. ഇനി പുതിയ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കണം. ചികിത്സയും ആരോഗ്യവും ശ്രദ്ധിക്കാൻ അതിലൂടെ എനിക്ക് കഴിയും. ബി.ജെ.പിയും എൻ.ഡി.എയും അങ്ങയുടെ കീഴിൽ തിളക്കമാർന്ന വിജയം കൈരിച്ചു. എന്റെ ആരോഗ്യവും ചികിത്സയും മുന്നോട്ടുകൊണ്ടുപോകാൻ എന്നെ പുതിയ സർക്കാരിലെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കണം. അങ്ങയുടെ സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നു- കത്തിലെ ഉള്ളടക്കം ഇപ്രകാരമാണ്.

വ്യാഴാഴ്‌ചയാണ് പ്രധാനമന്ത്രിയായി മോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പാകിസ്ഥാനൊഴികെയുള്ള അയൽരാജ്യങ്ങളിലെ തലവന്മാരെല്ലാം പങ്കെടുക്കുമെന്നാണ് കരുതുന്നത്. വൈകിട്ട് 6.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുക.