pisharody

തന്റെ വഴിമുടക്കിയ 'പി.കെ രാംദാസി'നെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് നടനും ഹാസ്യതാരവുമായ രമേശ് പിഷാരടി. ഞെട്ടണ്ട. പിഷാരടിയുടെ വഴിമുടക്കിയത് ഒരു മരമാണ്. പുലർച്ചെ രാവിലെ വീണ മരം തന്റെ വഴിമുടക്കിയതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് പിഷാരടി 'ലൂസിഫർ' റഫറൻസ് ഇട്ടത്. മോഹൻലാൽ ചിത്രമായ ലൂസിഫറിലെ 'പി.കെ രാംദാസ് എന്ന വൻമരം വീണു' എന്ന ഡയലോഗാണ് പിഷാരടി ഇതിനായി ഉപയോഗിച്ചത്.

'സമയം പുലർച്ചെ 2 മണി ...PK രാംദാസ് വഴിമുടക്കി ...ഈ സമയത്തും ഗതാഗതം പുനഃസ്ഥാപിക്കാൻ കർമനിരതരാകുന്ന പൊലീസ്, ഫയർഫോഴ്‌സ് സേനാംഗങ്ങൾക്ക് ബിഗ് സല്യൂട്ട് 🙏' ഇങ്ങനെയായിരുന്നു പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഏതായാലും, പിഷാരടിയുടെ ട്രോളിന് 'മറുട്രോളു'കളിട്ട് ഈ തമാശ ആസ്വദിക്കുകയാണ് ആരാധകർ. പതിവുപോലെ കൂടുതലും പിഷാരടിയുടെ ഉറ്റതോഴൻ ധർമ്മജൻ ബോൾഗാട്ടിയെയാണ് ആരാധകർ ട്രോളിട്ട് കൊല്ലുന്നത്.

'മരത്തിൽ നിന്നും ഇറങ്ങി വന്ന പച്ചിലപ്പാമ്പ്'എന്ന് എഴുതികൊണ്ട് പച്ചയുടുപ്പിട്ട് നിൽക്കുന്ന ധർമ്മജന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു ആരാധകൻ. 'ഒരിക്കലും കടപുഴകാത്ത P.K തേക്കും , ഒരു P.K ആൽമരവും..... !!" എന്ന് പറഞ്ഞ് പിഷാരടിയുടെയും ധർമ്മജന്റെയും ഒരുമിച്ചുള്ള ചിത്രം ഇട്ടുകൊണ്ടുള്ള മറ്റൊരാളുടെ കമന്റും കാണാം.