ബംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണാടക രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. കോൺഗ്രസിന്റെ നേതൃത്വത്തിൽ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ആറിന് ചേരുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. യോഗത്തെ തുടർന്ന് വിദേശത്ത് പര്യടനത്തിലായിരുന്ന ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാർ ബംഗളൂരുവിലെത്തി.
യോഗത്തിൽ 79 എം.എൽ.എമാരിൽ എത്ര പേർ യോഗത്തിന് എത്തും എന്നാണ് നേതൃത്വം ഉറ്റുനോക്കുന്നത്. കോൺഗ്രസിലെ വിമത എം.എൽ.എമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി കൂടികാഴ്‌ച നടത്തിയിരുന്നു. മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതായും അഭ്യൂഹങ്ങൾ ഉണ്ട്. വിമത എം.എൽ.എമാരായ രമേഷ് ജാർക്കിഹോളി, സുധാകർ എന്നിവർ ബി.ജെ.പി നേതാവ് യെദ്യൂരപ്പയുമായി കൂടികാഴ്ച നടത്തിയിരുന്നു.
അതേസമയം, ഇപ്പോൾ ബംഗളൂരുവിലെത്തിയ ഡി.കെ ശിവകുമാറിലാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. പാർട്ടിയിൽ ഏതുസമയത്തും പ്രതിസന്ധി ഉടലെടുക്കുമ്പോൾ രക്ഷകനായെത്തുന്നത് ശിവകുമാറാണ്. തിരഞ്ഞെടുപ്പിന് ശേഷം കർണാടയിൽ കോൺഗ്രസ് മുന്നേറ്റത്തിനും ബി.ജെ.പിയുടെ പതനത്തിനും ചുക്കാൻ പിടിച്ചത് ഡി.കെ.ശിവകുമാറാണ്. എം.എൽ.എമാരെ സുരക്ഷിത താവളത്തിലേക്കു മാറ്റിയതും തന്ത്രങ്ങൾ മെനഞ്ഞതും പ്രവർത്തകരുടെ 'ഡി.കെ'യാണ്. ഇപ്പോൾ ഇടഞ്ഞു നിൽക്കുന്ന എം.എൽ.എമാരെ കൂടെ നിർത്താനുള്ള തന്ത്രങ്ങൾ ഡി.കെയുടെ നിഘണ്ടുവിൽ ഉണ്ടാവുമെന്നാണ് നേതൃത്വം കരതുന്നത്. ബംഗളൂരുവിലെത്തിയയുടൻ മാദ്ധ്യമങ്ങളോട് ഡി.കെ പറഞ്ഞതും ഇക്കാര്യങ്ങൾക്ക് സൂചന നൽകുന്നതാണ്.
അതേസമയം, വിമത എം.എൽ.എ രമേഷ് ജാർക്കിഹോളി വഴി വടക്കൻ കർണാടകയിലെ ആറു എം.എൽ.എമാരെ രാജിവയ്പ്പിക്കാൻ ബി.ജെ.പി നീക്കം ഉണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് കോൺഗ്രസ് ഇന്ന് നിർണായക യോഗം ചേരുന്നത്. യോഗത്തിൽ ഇവർ എത്തുമോ എന്നതാണ് കോൺഗ്രസ് ആശങ്ക. ഇതിനിടെ മാണ്ഡ്യയിൽ നിന്നും വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി സുമലത അംബരീഷും യെദ്യൂരപ്പയുമായി കൂടികാഴ്ച നടത്തിയിരുന്നു. സുമലത ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് സൂചന.