തിരുവനന്തപുരം : തലസ്ഥാനത്തെ സ്വർണക്കടത്ത് സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരം വിമാനത്താവളം വഴി കള്ളക്കടത്തായി കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയെയാണ് ഡി.ആർ.ഐ പിടികൂടിയത്. വിദേശത്തുനിന്നും ഇരുപത്തിയഞ്ച് കിലോ സ്വർണം ഇയാൾ കൊണ്ട് വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ ദുബായിൽ സന്ദർശനം നടത്തിയിട്ടുള്ള പ്രകാശ് തമ്പി സ്വർണക്കടത്തിൽ ഇടനിലക്കാരനായിട്ടാണ് പ്രവർത്തിച്ചിട്ടുള്ളത്. സ്ത്രീകളെ ഉപയോഗിച്ചായിരുന്നു സംഘം കള്ളക്കടത്ത് നടത്തിയിരുന്നത്. ഇവർ കടത്തുന്ന സ്വർണം വിമാനത്താവളത്തിൽ വച്ച് പ്രകാശ് തമ്പിക്ക് കൈമാറുകയായിരുന്നു പതിവ്. തിരുവനന്തപുരത്തുനിന്നും കള്ളക്കടത്തിലൂടെ എത്തിക്കുന്ന സ്വർണം മലപ്പുറം സ്വദേശിക്കാണ് പ്രകാശ് നൽകിയിരുന്നത്.
കള്ളക്കടത്തുകാരെ പിടികൂടുവാനായി ഡി.ആർ.ഐ അന്വേഷണം ശക്തമാക്കിയതോടെ പ്രകാശ് ഒളിവിൽ പോവുകയായിരുന്നു. അറസ്റ്റിലായ പ്രകാശ് തമ്പി വാഹന അപകടത്തിൽ മരിച്ച ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായിരുന്നു. മേയ് പതിമൂന്നിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിൽ നിന്നും കടത്തിക്കൊണ്ടുവന്ന 25കിലോ സ്വർണം പിടികൂടിയ സംഭവത്തിന് ശേഷമാണ് ഡി.ആർ.ഐ അന്വേഷണം ഊർജ്ജിതമാക്കിയത്. എട്ടുകോടി രൂപയുടെ സ്വർണക്കട്ടകളാണ് പിടികൂടിയത്.