rajmohan-unnithan

കാസർകോട്ടുനിന്നുമുളള കോൺഗ്രസ് എം.പിയായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ് മോഹൻ ഉണ്ണിത്താൻ വീണ്ടും സിനിമയിൽ അഭിനയിക്കുന്നു. ബോബി-സഞ്ജയ് തീം തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ അഭിനയിക്കുന്നതെന്നാണ് സൂചനകൾ. താൻ പുതിയ സിനിമയുടെ ഭാഗമാകുന്ന കാര്യം രാജ്മോഹൻ ഉണ്ണിത്താൻ തന്നെയാണ് പരസ്യമാക്കിയത്. 'സിംഹം' എന്നാണ്‌ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഇതുവരെ തന്റെ രാഷ്ട്രീയ തിരക്കുകൾക്കിടയിൽ ഇരുപതോളം സിനിമകളിൽ ഉണ്ണിത്താൻ വേഷമിട്ടിട്ടുണ്ട്. സുരേഷ്‌ഗോപി നായകനായ 'ടൈഗർ' ആയിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. ഈ ചിത്രത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വേഷത്തിലായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ തകർത്താടിയത്. എന്നാൽ പുതിയ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷമൊന്നുമല്ല തനിക്ക് എന്നാണ് ഉണ്ണിത്താൻ പറയുന്നത്.

രാഷ്ട്രീയത്തിന്റെ തിരക്കിലായിരുന്നതിനാൽ അഭിനയിത്തിനായി തനിക്ക് സമയം മാറ്റിവെക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞ ഉണ്ണിത്താൻ എം.പിയായ സ്ഥിതിക്ക് ഇനി അതിനായി സമയം മാറ്റി വയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.