കണ്ണൂർ : സി.പി.എം ശക്തി കേന്ദ്രമായ തലശ്ശേരിയിൽ വിധവയുടെ ഹോട്ടൽ കൈയ്യേറി സി.പി.എം പാർട്ടി ഓഫീസ് തുറന്നുവെന്ന് പരാതി. തലശ്ശേരി ജോസ്ഗിരിയിലെ പി.എം സംയുക്ത എന്ന സ്ത്രീയുടെ രണ്ട് മുറി ഹോട്ടലാണ് പാർട്ടി കൈയ്യേറിയെന്ന പരാതി ഉയരുന്നത്. രണ്ട് മുറിയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിനെ ബ്രാഞ്ച് ഓഫീസാക്കിയാണ് മാറ്റിയിരിക്കുന്നത്. അതേ സമയം സംയുക്തയുടെ വാദങ്ങൾ സി.പി.എം തള്ളുകയാണ്, ഇവരുടെ മകനുമായുണ്ടാക്കിയ കരാർ പ്രകാരമാണ് ഇവിടെ ഓഫീസ് തുറന്നതെന്നാണ് പാർട്ടി ഭാഷ്യം. എസ്.എൻ.ഡി.പി ഭാരവാഹിയായിരുന്ന കെ.പി രത്നാകരന്റെ ഭാര്യയാണ് പി.എൻ സംയുക്ത. തെരഞ്ഞെടുപ്പ് സമയത്ത് താത്കാലിക ഓഫീസ് ഇവിടെ തുറന്നിരുന്നു എന്നാൽ താമസിയാതെ ഇത് ബ്രാഞ്ച് ഓഫീസാക്കി സി.പി.എം മാറ്റുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
കൈയ്യടക്കി വച്ചിരിക്കുന്ന കെട്ടിടം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സി.പി.എമ്മിലെ മുതിർന്ന നേതാക്കളായ സീതാറാം യെച്ചൂരി പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. സംയുക്തയുടെ പേരിൽ തീറാധാരമുള്ളതാണ് രണ്ട് മുറികളടങ്ങിയ ഈ കെട്ടിടം. സംയുക്തയുമായി അകന്ന് കഴിയുന്ന മകൻ അരവിന്ദനെ സ്വാധീനിച്ചാണ് പാർട്ടി കെട്ടിടം സ്വന്തമാക്കിയതെന്നാണ് ഇവരുടെ പരാതി. ഒരു സ്വകാര്യ ചാനലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് കൊണ്ട് വന്നത്.