pinarayi-vijayan

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുൻ നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഭാവിയിലും സർക്കാർ നിലകൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഇനിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ശക്തികളെ പ്രതിരോധിക്കുന്നതിനെ ധാർഷ്ട്യമെന്ന് വിളിക്കുകയാണെങ്കിൽ ആ ധാർഷ്ട്യം ഇനിയും അവർത്തിക്കുമെന്നും പിണറായി വിജയൻ നിലപാടെടുത്തു. പുരുഷന്മാർക്കുള്ള അതേ അവകാശങ്ങൾ തന്നെ സ്ത്രീകൾക്കും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ശബരിമല വിഷയത്തിൽ ഇടതുപക്ഷ സർക്കാർ എന്ത് ധൃതിയാണ് കാണിച്ചതെന്നും ശബരിമലയിൽ പ്രവേശിക്കാനെത്തുന്ന സ്ത്രീകളെ തടഞ്ഞിരുന്നെങ്കിൽ അത് കോടതിയലക്ഷ്യം ആവുമായിരുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. വർഗീയ ശക്തികൾക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നവരെയായിരുന്നു അവർക്ക് ആവശ്യമെന്നും എന്നാൽ വിധേയരായി ഒരിക്കലും നിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി സംഭവിച്ചു എന്ന് സമ്മതിച്ച മുഖ്യമന്ത്രി തങ്ങൾക്കൊപ്പം നിന്നവരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചുവെന്നും എന്നാൽ അത് താൽക്കാലികം മാത്രമാണെന്നും പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ തിരിച്ചടി നേരിടാൻ കാരണം ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടാണെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാൻ കാണിച്ച വ്യഗ്രതയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നായിരുന്നു പ്രധാന വിമർശനം.