ന്യൂഡൽഹി: ലോകത്തിലെ ഏറ്രവും മത്സരക്ഷമതയും ഉത്സാഹവുമുള്ള സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ റാങ്കിംഗ് മെച്ചപ്പെടുത്തി ഇന്ത്യ. ഐ.എം.ഡി ബിസിനസ് സ്‌കൂൾ തയ്യാറാക്കിയ ഐ.എം.ഡി വേൾഡ് കോംപറ്റിറ്റീവ്‌നെസ് റാങ്കിംഗ്‌സ്-2019 പതിപ്പിൽ 43-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 2018ൽ ഇന്ത്യ 44-ാംസ്ഥാനത്തായിരുന്നു. ഉയർന്ന സാമ്പത്തിക വളർച്ച, നൈപുണ്യമുള്ള തൊഴിലാളികളുടെ സംഖ്യാബലം, വിപുലവും ബൃഹത്തായതുമായ വിപണി എന്നിവയാണ് റാങ്ക് മെച്ചപ്പെടാൻ സഹായകമായത്.
തൊഴിലവസരങ്ങൾ ഉയർത്തൽ, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് സമ്പദ്‌വ്യവസ്ഥ നൽകുന്ന പങ്കും വിലയിരുത്തിയാണ് റാങ്കിംഗ് നിശ്‌ചയിച്ചത്. 63 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. സിംഗപ്പൂരിനാണ് ഒന്നാംസ്ഥാനം. കഴിഞ്ഞവർഷം സിംഗപ്പൂർ മൂന്നാമതായിരുന്നു. ആകർഷകമായ നികുതിവ്യവസ്ഥയുടെയും സമ്പദ്‌പരിഷ്‌കാരങ്ങളുടെയും കരുത്തുമായി ഹോങ്കോംഗ് രണ്ടാം റാങ്ക് നിലനിറുത്തി. കഴിഞ്ഞവർഷം ഒന്നാമതിയാരുന്ന അമേരിക്ക, മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016ൽ ഇന്ത്യ 41-ാം സ്ഥാനത്തായിരുന്നു. 2017ൽ 45-ാം റാങ്കിലേക്ക് വീണശേഷമാണ് കഴിഞ്ഞവർഷങ്ങളിൽ ഇന്ത്യ റാങ്ക് മെച്ചപ്പെടുത്തിയത്.
സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്ക് വെല്ലുവിളികൾ ഒഴിഞ്ഞിട്ടില്ലെന്ന് ഐ.എം.ഡിയുടെ റിപ്പോർട്ട് സൂചിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ചാനിരക്ക് ഇടിയാതെ നിലനിറുത്തുകയും തൊഴിലില്ലായ്‌മ നിരക്ക് കുറയ്‌ക്കുകയും ചെയ്യേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. ഡിജിറ്റൽവത്കരണം കൂടുതൽ ഊർജ്ജിതമാക്കണം. ധനക്കമ്മി നിയന്ത്രിക്കണം. ഗ്രാമീണതലത്തിൽ ഇന്റർനെറ്ര് വ്യാപിപ്പിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
43
ഐ.എം.ഡി വേൾഡ് കോംപറ്റിറ്റീവ്‌നെസ് റാങ്കിംഗ്‌സ്-2019 പതിപ്പിൽ 43-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 2018ൽ ഇന്ത്യ 44-ാംസ്ഥാനത്തായിരുന്നു.
ടോപ് 5
1. സിംഗപ്പൂർ
2. ഹോങ്കോംഗ്
3. അമേരിക്ക
4. സ്വിറ്ര്‌സർലൻഡ്
5. യു.എ.ഇ
പിന്നിൽ വെനസ്വേല
ഏറ്റവും ദുർബലമായ സമ്പദ്‌വ്യവസ്ഥയുള്ള വെനസ്വേലയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
സൗദിക്കുതിപ്പ്
പട്ടികയിൽ ഇക്കുറി ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് സൗദി അറേബ്യയാണ്. 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സൗദി 26-ാം സ്ഥാനം നേടി. ക്രൂഡോയിൽ വിലവർദ്ധനയിലൂടെ ഉയർന്ന വരുമാനം ലഭിച്ചതാണ് സൗദിക്ക് നേട്ടമായത്.