ന്യൂയോർക്ക്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ നരേന്ദ്രമോദിയെ 'ഭിന്നിപ്പിന്റെ തലവൻ' എന്ന് വിശേഷിപ്പിച്ച് കവർസ്റ്റോറി പ്രസിദ്ധീകരിച്ച അമേരിക്കയിലെ ടൈം മാഗസിൻ, മോദി അധികാരത്തിൽ തിരിച്ചെത്തിയതോടെ നിലപാട് മാറ്റി.
ദശാബ്ദത്തിൽ ഒരു പ്രധാനമന്ത്രിയും ചെയ്യാത്തവിധം മോദി ഇന്ത്യയെ ഒന്നിപ്പിച്ചു എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മാഗസിൻ നിലപാട് മാറ്റിയത്.
ഇന്ത്യ ഇങ്ക് ഡോട്ട് എന്ന ബ്രിട്ടീഷ് മാദ്ധ്യമ കമ്പനിയുടെ സി.ഇ.ഒ മനോജ് ലാഡ്വയാണ് ലേഖനം എഴുതിയത്.
'ഭിന്നിപ്പിന്റെ നേതാവെന്ന് പരിഗണിക്കപ്പെടുന്നയാൾക്ക് എങ്ങനെയാണ് അധികാരം നിലനിറുത്താനും ജനപിന്തുണ വർദ്ധിപ്പിക്കാനും കഴിയുന്നത്? ഇന്ത്യയുടെ ഏറ്റവും വലിയ ശാപമായ വർഗ വിഭജനം അതിജീവിച്ചതാണ് മോദിയുടെ ജനപിന്തുണ വർദ്ധിപ്പിച്ചത്. പിന്നാക്ക വിഭാഗത്തിൽ ജനിച്ച മോദി സ്വയം അദ്ധ്വാനവർഗത്തിന്റെ പ്രതിനിധിയായി ഉയർത്തിക്കാട്ടി. അതാണ് മോദിയെ ഐക്യത്തിന്റെ വക്താവായി ഉയർത്തിയതെന്നും ലേഖനം സമർത്ഥിക്കുന്നു.
വിവിധ തട്ടുകളായി വിഭജിച്ചിരുന്ന ജനങ്ങളെ മോദി സമർത്ഥമായി ഒന്നിപ്പിച്ചു. ഈ തിരഞ്ഞെടുപ്പിൽ മോദി ചെയ്തതു പോലെ അഞ്ച് ദശാബ്ദത്തിനിടെ ഇന്ത്യയിലെ സമ്മതിദായകരെ ഇത്രയധികം ഒന്നിപ്പിച്ച നേതാവ് വേറെയില്ലെന്നും ലേഖനത്തിൽ പറയുന്നു.
ഒരിക്കൽ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി മോദിയെ കണ്ടെത്തിയ ടൈം മാഗസിൻ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെ നിശിതമായി വിമർശിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം മുമ്പെങ്ങുമില്ലാത്ത തരത്തിൽ ഭിന്നിപ്പിലാണ്' എന്നായിരുന്നു ടൈം മാഗസിന്റെ കവർ സ്റ്റോറി. ആതിഷ് തസീർ എഴുതിയ ആ ലേഖനത്തിൽ ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളും യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയമിച്ചതും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കിയതുമെല്ലാം പരാമർശിച്ചിരുന്നു.
ലേഖകന് പാകിസ്ഥാൻ ബന്ധമുണ്ടെന്നും വിശ്വാസ്യതയില്ലെന്നും പറഞ്ഞ് മോദി ഈ പരാമർശങ്ങൾ തള്ളിയിരുന്നു.