മഹാഭാരതം സിനിമ ആരംഭിക്കാൻ ഹിന്ദു സംഘടനായ ആർ.എസ്.എസിന്റെ അനുവാദം വേണമെന്നും തിരക്കഥാകൃത്തിനെ നിശ്ചയിക്കാൻ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ സഹായം താൻ തേടിയിട്ടുണ്ടെന്നും ചിത്രത്തിന്റെ നിർമ്മാതാവ് ബി.ആർ.ഷെട്ടി. മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് നടീനടന്മാരെ തീരുമാനിച്ചിട്ടില്ലെന്നും അനുയോജ്യമായ തിരക്കഥ മാത്രമാണ് ഇപ്പോൾ തേടുന്നതെന്നും ഷെട്ടി മറുപടി നൽകി. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷെട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.
തിരക്കഥാകൃത്തും 'രണ്ടാമൂഴം'നോവലിന്റെ രചയിതാവുമായ എം.ടിയും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള പ്രശ്നത്തിൽ താൻ ഇടപെടാൻ ഒരുക്കമല്ലെന്നും ആ പ്രശ്നത്തിൽ നിന്നും താൻ ഏറെ നാളായി അകന്ന് നിൽക്കുകയാണെന്നും ഷെട്ടി പറഞ്ഞു. വിവേക് ഒബ്‌റോയ് നായകനാകുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയ തന്റെ പുതിയ ചിത്രം, 'പി.എം നരേന്ദ്ര മോദി'യുടെ പ്രമോഷനായി ഗൾഫിലെത്തിയതായിരുന്നു ബി.ആർ.ഷെട്ടി.
താൻ നിർമ്മിക്കുന്ന പുതിയ മഹാഭാരതം മുൻനിശ്ചയിച്ചതിൽ നിന്നും വ്യത്യാസമുള്ളതായിരിക്കുമെന്നും ഷെട്ടി സൂചന നൽകി. രണ്ടാമൂഴം 1000 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും ബി.ആർ. ഷെട്ടി നിർമ്മിച്ച് ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും മോഹൻലാൽ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. തന്റെ സ്വപ്ന പദ്ധതിയാണിതെന്നും ലാൽ പറഞ്ഞിരുന്നു.
എന്നാൽ തിരക്കഥ എഴുതി നൽകി മൂന്ന് വർഷം കഴിഞ്ഞിട്ടും ചിത്രീകരണം വൈകുന്നതിനെച്ചൊല്ലി എം.ടി.കോടതിയെ സമീപിച്ചിരുന്നു. മലയാളത്തിൽ 'രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളിൽ 'മഹാഭാരതം' എന്ന പേരിലും ചിത്രം പുറത്തിറക്കാനായിരുന്നു ശ്രീകുമാർ മേനോന്റെ പദ്ധതി. ഇതിനിടയിൽ ശ്രീകുമാർ മേനോൻ മോഹൻലാലിനെ വെച്ച് 'ഒടിയൻ' സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.
ചിത്രം അച്ഛന്റെ സ്വപ്നമാണെന്നും 'രണ്ടാമൂഴം' ആര് സിനിമ ആകണമെന്ന് അച്ഛൻ തീരുമാനിക്കുമെന്നും അറിയിച്ചുകൊണ്ട് എം.ടിയുടെ മകൾ അശ്വതി നായരും സംവിധായനെതിരെ രംഗത്ത് വന്നിരുന്നു.