മുംബയ് : മുംബയ് ബി.വൈ.എൽ നായർ ആശുപത്രിയിൽ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ചതിനെ തുടർന്ന് പി.ജി രണ്ടാം വർഷ ഗൈനക്കോളജി വിദ്യാർത്ഥി ഡോ. പായൽ തദ്വി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ 3 സീനിയർ ഡോക്ടർമാർ അറസ്റ്റിൽ. ഡോ. ഭക്തി മെഹർ, ഡോ. അങ്കിത ഖണ്ഡൽവാൾ, ഡോ. ഹേമ അഹൂജ എന്നിവരെയാണ് അഗ്രിപാഡ പൊലീസ് അറസ്റ്റുചെയ്തത്. മൂവരെയും മുംബയ് സെഷൻസ് കോടതിയിൽ ഹാജരാക്കി.
മേയ് 22ന് പായൽ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഗൈനക്കോളജി വിഭാഗത്തിലെ റസിഡന്റ് ഡോക്ടർമാരായ മൂവരും ഒളിവിൽ പോവുകയായിരുന്നു. ആന്റി റാഗിംഗ് സെല്ലിന്റെ അന്വേഷണത്തിൽ ഇവർക്കെതിരായ ആരോപണം ശരിയെന്ന് തെളിഞ്ഞിട്ടുണ്ട്. മൂന്നു പേർക്കുമെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് പുറമേ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും റാഗിംഗ് വിരുദ്ധ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മൂവരെയും മഹാരാഷ്ട്ര റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ അംഗത്വത്തിൽ നിന്ന് താത്കാലികമായി പുറത്താക്കി.
വിഷയത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മിഷൻ ബി.വൈ.എൽ ആശുപത്രി അധികൃതരോട് വിശദമായ റിപ്പോർട്ട് തേടി.
ഇവരുൾപ്പെടെ നാലു പേരുടെ ലൈസൻസ് ബൃഹൻ മുംബയ് മുനിസിപ്പൽ കോർപറേഷൻ മരവിപ്പിച്ചിരുന്നു. അറസ്റ്റിലായവർക്ക് പുറമേ ഗൈനക്കോളജി വിഭാഗം തലവൻ ഡോ. ചിയാങ് ലിങ്ങിനുമെതിരെയാണ് നടപടി.
പ്രതിഷേധം ശക്തം
നായർ ആശുപത്രിയുടെ മുമ്പിൽ പ്രതിഷേധം തുടരുകയാണ്. പായലിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് സൽമാൻ തദ്വി, അമ്മ ആബിദ, ബന്ധുക്കൾ തുടങ്ങിയവർ ആശുപത്രിക്കുമുന്നിൽ സമരത്തിലാണ്. വഞ്ചിത് ബഹുജൻ അഘാഡിയും വിവിധ ദളിത് ഇടതുപക്ഷ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു. മുസ്ളിം ഗോത്രവർഗക്കാരിയെന്നുള്ള നിരന്തര അധിക്ഷേപത്തെക്കുറിച്ച് പായൽ പരാതിപ്പെട്ടിരുന്നെന്നും നടപടി വൈകിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രതിഷേധക്കാർ പറയുന്നു.
കൊടിയ ജാതി പീഡനം; നിരന്തരം കളിയാക്കി
ഡോ. പായൽ തദ്വി നേരിട്ടിരുന്നത് കൊടിയ ജാതി പീഡനമാണെന്ന് റിപ്പോർട്ടുകൾ. ഹോസ്റ്റലിൽ തൂങ്ങിമരിച്ച ദിവസം ഓപ്പറേഷൻ തിയേറ്ററിന് സമീപം ആശുപത്രി ജീവനക്കാരുടെ മുന്നിൽവച്ച് പായലിനെ സീനിയർ വിദ്യാർത്ഥികൾ ശകാരിക്കുകയും രൂക്ഷമായി കളിയാക്കുകയും ചെയ്തതായി സാക്ഷിമൊഴിയുണ്ട്. തിയേറ്ററിൽ നിന്ന് പായൽ കരഞ്ഞുകൊണ്ടാണ് പുറത്തേക്ക് പോയത്. സീനിയർ വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട ആക്ഷേപത്തെക്കുറിച്ച് ഭർത്താവിനോട് പായൽ തുറന്നു പറഞ്ഞിരുന്നു. കോളേജിലെ റാഗിംഗ് വിരുദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന പായലിന് എതിരെ നിരന്തരം സീനിയർ വിദ്യാർത്ഥികൾ ജാതി അധിക്ഷേപം നടത്തിയതായി സ്ഥിരീകരിക്കുന്നുണ്ട്.
'പായലിന്റെ ഭാവിയോർത്ത് വിഷയം ഗൗരവത്തോടെ എടുത്തില്ല. അതൊക്കെ വിട്ടേക്ക്, നീ പഠിത്തത്തിൽ ശ്രദ്ധിക്കാനാണ് പറഞ്ഞത്. അതിലിപ്പോൾ വിഷമമുണ്ട്. ഇനി ഈ തെറ്റ് തിരുത്താനാവില്ലല്ലോ' - പായലിന്റെ ഭർത്താവ് സൽമാൻ പറഞ്ഞു.