കൊൽക്കത്ത: നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കില്ല.

'പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ ഭരണഘടനാപരമായ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. സോറി മോദിജീ, കുറച്ചു മണിക്കൂറുകൾ മുമ്പ് മാദ്ധ്യമങ്ങളിൽ ബംഗാളിൽ 54 ബി.ജെ.പി പ്രവർത്തകർ രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി അവകാശപ്പെടുന്നതായുള്ള വാർത്ത കണ്ടു. ഇത് തീർത്തും തെറ്റാണ്. ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാനാകില്ല.'- മമത ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ബംഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങളൊന്നും അരങ്ങേറിയിട്ടില്ലെന്നും ഈ കൊലപാതകങ്ങളെല്ലാം കുടുംബവഴക്കിന്റെ പേരിലോ മറ്റേതെങ്കിലും കാരണത്താലോ നടന്നതാകുമെന്നുമാണ് മമത കുറിച്ചിരിക്കുന്നത്.

രാഷ്ട്രീയവൈര്യങ്ങളെല്ലാം മറന്ന് ചടങ്ങിൽ പങ്കെടുക്കുമെന്ന് മമത നേരത്തെ അറിയിച്ചിരുന്നു.

മമതയ്ക്കു പുറമേ ബംഗാളിൽ കൊല്ലപ്പെട്ട 51 ബി.ജെ.പി പ്രവർത്തകരുടെ ബന്ധുക്കൾക്ക് നരേന്ദ്ര മോദി മന്ത്രിസഭയുടെ നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്. പാർട്ടി നേരിട്ട് ഇവർക്കുവേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ബഹുമാനം കാണിക്കുന്നതിനാണ് ക്ഷണം നൽകിയിരിക്കുന്നതെന്നാണ് ബി.ജെ.പി പറഞ്ഞത്.