ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. ഇരുവരും പങ്കെടുക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയും മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെയും മോദിയും ബി.ജെ.പി നേതാക്കളും രൂക്ഷമായി വിമർശിച്ചിരുന്നു.
സത്യപ്രതിജ്ഞാചടങ്ങിൽ പാകിസ്ഥാൻ ഒഴികെയുള്ള അയൽ രാജ്യങ്ങളിലെ നേതാക്കളെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
അതേസമയം കേന്ദ്രമന്ത്രി സഭയിലെ അംഗങ്ങളെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകും. ഇതുസംബന്ധിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായും നരേന്ദ്രമോദിയുമായുള്ള ചർച്ചകൾ പൂർത്തിയായി. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.