തിരുവനന്തപുരം: പ്രളയസെസ് ഇൗടാക്കാനുള്ള തീരുമാനം ഒരുമാസത്തേക്ക് മാറ്റിവച്ചു. ജൂൺ ഒന്നുമുതൽ ഈടാക്കാനിരുന്ന പ്രളയ സെസാണ് ജൂലായ് ഒന്നിലേക്ക് മാറ്റിവച്ചത്. സെസിന് മേൽ ജി.എസ്.ടി വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പ്രളയ സെസിന് മേലും ജി.എസ്.ടി വരുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കുന്നതിനായി ജി.എസ്.ടി കൗൺസിലിന്റെ വിജ്ഞാപനം വേണ്ടിവരും. അതിനാൽ വിജ്ഞാപനം ഇറങ്ങിയ ശേഷം സെസ് ഏർപ്പെടുത്തിയാൽ മതിയെന്ന തീരുമാനത്തെതുടർന്നാണ് സെസ് ചുമത്തൽ ജൂലായിലേയ്ക്കു മാറ്റിയത്.
ഒരു സെസ് ഏർപ്പെടുത്തുമ്പോൾ സെസും ഉത്പന്ന വിലയും ചേർത്തുള്ള തുകയ്ക്കു മേലായിരിക്കും ജി.എസ്.ടി ചുമത്തുകയെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. ഉത്പന്ന വിലയ്ക്കു മേൽ മാത്രമായിരിക്കും നികുതി എന്ന പൊതുധാരണ തിരുത്തുന്നതാണ് വിജ്ഞാപനം. ഇത് വിലകൂടിയ ഉത്പന്നങ്ങൾക്ക് പ്രതീക്ഷിച്ചതിനെക്കാൾ വിലക്കയറ്റം വരുത്തും.