rahul

ന്യൂഡൽഹി തുഗ്ളക് ലെയിനിലെ പന്ത്രണ്ടാം നമ്പ‌ർ വസതിയിൽ,​ നേതാക്കളെ കാണാൻ പോലും കൂട്ടാക്കാതെ രാഹുൽ ഗാന്ധി എന്തു ചെയ്യുകയാവും?​ വിരോധികൾ പറയുന്നു, കോൺഗ്രസ് അദ്ധ്യക്ഷൻ വളർത്തുനായയായ പിഡിയുമൊത്ത് കളിയിലാണെന്ന്. അതെന്തായാലും,​ ഡൽഹിയിൽ രാഹുലിനെ പിന്തുടരുന്ന കാമറകൾ ഇന്നലെ ഒരു അപൂർവചിത്രം പകർത്തി സമൂഹ മാദ്ധ്യമങ്ങളിലിട്ടു: പിൻസീറ്റിൽ പിഡിയെ ഇരുത്തി,​ രാഹുൽ വീട്ടിൽ നിന്ന് കാറോടിച്ച് പുറത്തേക്കു പോകുന്നു. ചിത്രം വൈറൽ.

കഴഞ്ഞ ശനിയാഴ്‌ചത്തെ പ്രവർത്തക സമിതി യോഗത്തിൽ രാജി സന്നദ്ധത പ്രഖ്യാപിച്ച രാഹുൽ അതിനു ശേഷം നേതാക്കളെ കാണുന്നത് അപൂർവം. പുതിയ എം.പിമാരുമായി നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്‌ച പോലും റദ്ദാക്കി. രാജിയിൽ നിന്ന് പിന്മാറണമെന്ന് അമ്മയും സഹോദരിയും പറഞ്ഞിട്ടും രക്ഷയില്ല. ഒടുവിൽ, അധികം നിർബന്ധിക്കണ്ട എന്നായി സോണിയയും പ്രിയങ്കയും. തങ്ങളെ കാണാൻ പോലും കൂട്ടാക്കാതിരുന്ന രാഹുൽ വളർത്തുനായയുമായി കറങ്ങാൻ പോയതാണ് ഇപ്പോൾ കോൺഗ്രസ് അണിയറയിൽ മുതിർന്ന നേതാക്കളുടെ സംസാരം.

2017 ഒക്‌ടോബറിലാണ് രാഹുൽ ഗാന്ധി ആദ്യമായി വളർത്തുനായയുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്. പോസിറ്റിന് ടൺ കണക്കിന് കമന്റുകൾ കിട്ടുകയും ചെയ്‌തു. അക്കൂട്ടത്തിൽ, കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിലേക്കു പോയ ഹേമന്ത് ബിശ്വ ശർമ്മയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു: താങ്കാൾ നായയുമായി കളിക്കുന്ന ദൃശ്യം ഇപ്പോഴും ഞാൻ മറന്നിട്ടില്ല! ആ കമന്റിനു പിന്നിൽ, ശർമ്മയുടെ രാജിക്കു കാരണമായ കഥയുണ്ട്. നായകൻ പിഡി തന്നെ.

2015-ൽ അസമിൽ കോൺഗ്രസ് മന്ത്രിയായിരിക്കെ ഹേമന്ത് സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ, അന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയെ കാണാൻ ‌വീട്ടിൽ പോയി. ഹേമന്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാഹുൽ പിഡിയെ കളിപ്പിക്കുന്നതിന്റെ രസത്തിലായിരുന്നു. അപമാനിക്കപ്പെട്ടെന്നു തോന്നിയ ഹേമന്ത് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. 2016 മുതൽ അസമിൽ പൊതുമരാമത്ത്- ആരോഗ്യ വകുപ്പുകളുടെ മന്ത്രിയാണ് ഹേമന്ത്. പിഡി പറ്റിച്ച പണി! ഇന്നലത്തെ ചിത്രത്തിനും വന്നു, ഹേമന്തിന്റെ കമന്റ്: രാഹുൽഗാന്ധി അമ്പതു വർഷം കോൺഗ്രസ് അദ്ധ്യക്ഷനായിരിക്കട്ടെ!

ആ രണ്ടു വിളികൾ

ആർക്കെല്ലാം?

കോൺ ബനേഗാ മന്ത്രിജി? ദിവസങ്ങളായി ഇന്ദ്രപ്രസ്ഥത്തിൽ കറങ്ങിനടക്കുന്ന ഈ ചോദ്യത്തിന് മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്‌ക്ക് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും മറുപടിയില്ല. രണ്ടാം മോദി മന്ത്രിസഭയിൽ ആരെല്ലാമുണ്ടാകുമെന്നത് ഇപ്പോഴും സസ്‌പെൻസ്. എല്ലാമറിയാവുന്നത് രണ്ടേ രണ്ടു പേർക്ക്- മോദിക്കും അമിത്ഷായ്‌ക്കും. കഴിഞ്ഞ രണ്ടു ദിവസമായി, ഈ രണ്ടു പേരുടെ വിളിയും കാത്തിരിക്കുകയാണ് മന്ത്രിപദം പ്രതീക്ഷിക്കുന്നവർ.

പുതിയ മന്ത്രിസഭയിൽ മുതിർന്ന പ്രമുഖർ തുടരുമെന്നും, പുതുമുഖങ്ങൾക്കും വനിതകൾക്കും അധിക പ്രാതിനിദ്ധ്യമുണ്ടാകും എന്നുമൊക്കെ റിപ്പോർട്ടുകൾ പുറത്തുവരുന്നെങ്കിലും കറ്ക്‌ട് കാര്യം അറിയാവുന്നത് മോദിക്കും ഷായ്‌ക്കുമേയുള്ളൂ. ചൊവ്വാഴ്‌ച, അഞ്ചു മണിക്കൂർ നേരമാണ് ഇരുവരും ചേർന്ന് അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത്. ഇന്നലെയും തുടർന്നു, ക്ളോസ്ഡ് ഡോർ ഡിസ്‌കഷൻസ്. ചർച്ച കഴിഞ്ഞ് ഇന്നലെ രാത്രിയും ആർക്കെല്ലാം വിളിയെത്തിയെന്ന് അജ്ഞാതം.

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം എൻ.ഡി.എ എം.പിമാർക്ക് നരേന്ദ്രമോദി താക്കീതു നൽകിയിരുന്നു. എന്നിട്ടും കിംവദന്തികൾക്ക് കുറവില്ല. എല്ലാം ഇന്നു വൈകിട്ട് ഏഴിന് സത്യപ്രതിജ്ഞയ്‌ക്ക് പേരു വിളിക്കുമ്പോൾ അറിയാം.

ചടങ്ങിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആരെല്ലാമെന്ന് വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. ബംഗ്ളാദേശ്, മ്യാൻമർ, ശ്രീലങ്ക. തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയാണ് ബിംസ്റ്റെക് രാജ്യങ്ങൾ.