വഡോദര: പാട്ട് കേട്ട് കൊണ്ട് യാത്ര ചെയ്യവേ ലിഫ്റ്റിനിടയിൽ ഇയർഫോൺ കുടുങ്ങി തലയറ്റ് 48കാരിക്ക് ദാരുണാന്ത്യം.
ഇന്നലെ ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിലാണ് സംഭവം.
ഗുജറാത്ത് സ്വദേശിനിയായ ഫാക്ടറി തൊഴിലാളി സുശീല വിശ്വകർമ്മയാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ ഫാക്ടറിയിലെ താഴത്തെ നിലയിൽ നിന്ന് മുകളിലേക്ക് ലിഫ്റ്റ് വഴി പോവുകയായിരുന്നു സുശീല. ലിഫ്റ്റ് മുകളിലെത്തുന്നതിന് മുമ്പ് ഇവരുടെ ഇയർഫോൺ ലിഫ്റ്റിന്റെ ഗ്രില്ലിനിടയിൽ കുടുങ്ങി. ഉൗരിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ലിഫ്റ്റിന്റെ ഗ്രില്ലിനകത്ത് ഇയർഫോണുകൾ തങ്ങിനിന്നു. ലിഫ്റ്റ് മുകളിലേക്ക് ഉയർന്നതോടെ സുശീലയുടെ തല കഴുത്തിൽ നിന്ന് അറ്റുപോകുകയായിരുന്നു. ഇവരുടെ തല താഴത്തെ നിലയിൽ നിന്നും ശരീരം നാലാം നിലയിൽ നിന്നുമാണ് ലഭിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.