ഗോണ്ട: വോട്ടെണ്ണൽ ദിനത്തിൽ പിറന്ന കുഞ്ഞിന് 'നരേന്ദ്ര മോദി'യെന്ന് പേരിട്ട മുസ്ലീം ദമ്പതികൾ തീരുമാനം മാറ്റി. മെയ് 23ന് ജനിച്ച കുഞ്ഞിന് പ്രധാനമന്ത്രിയുടെ പേര് നൽകിയത് ദേശീയ തലത്തിൽ വലിയ വാർത്തയായിരുന്നു. എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ കുടുംബം തീരുമാനം മാറ്റുകയായിരുന്നു.
ഗോണ്ട സ്വദേശിനിയായ മെനോജ് ബീഗത്തിനാണ് മേയ് 23 ന് ആൺകുഞ്ഞ് പിറന്നത്. ഈ സന്തോഷ വാർത്തയറിയിക്കാൻ വിദേശത്തുള്ള ഭർത്താവിനെ വിളിച്ചപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ജയിച്ചോ എന്നായിരുന്നു. തുടർന്ന് കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. അവൻ മോദിയെപ്പോലെ നല്ല കാര്യങ്ങൾ ചെയ്ത്,വിജയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കുഞ്ഞിന്റെ അമ്മ മെനോജ് ബീഗം പറയുന്നു.
വാർത്ത പുറത്ത് വന്നതിനെ തുടർന്ന് കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കാനോ കുടുംബാംഗങ്ങളാരും വന്നില്ലെന്നു അവർ പറയുന്നു. നരേന്ദ്രമോദിയെന്ന് പേരിട്ടതിനാൽ സമുദായംഗങ്ങൾ ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുമെന്നും അറിയിച്ചു. ഇതേ തുടർന്നാണ് കുഞ്ഞിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്. നരേന്ദ്രമോദിയെന്ന പേരിന് പകരം അൽതാഫ് ആലം മോദിയെന്നാക്കി മാറ്റുകയാണ് രക്ഷിതാക്കൾ ചെയ്തത്.
കുഞ്ഞിന്റെ ജനന തീയ്യതിയുമായി ബന്ധപ്പെട്ടും വിവാദമുയരുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം (മെയ് 23) കുട്ടി ജനച്ചതെന്നാണ് കുടുംബം അവകാശപ്പെടുന്നത്. എന്നാൽ കുഞ്ഞ് ജനിച്ചത് മെയ് 12 നാണെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. ജനന തീയ്യതിയി രജിസ്ട്രേഷനിൽ കുടുംബം മാറ്റം വരുത്തിയതായും അവർ ആരോപിക്കുന്നു.