ന്യൂഡൽഹി: തളർച്ചയുടെ ട്രാക്കിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരകയറിയിട്ടില്ലെന്ന സൂചന ശക്തമാക്കി, കഴിഞ്ഞ സാമ്പത്തിക വർഷം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ഒരു ശതമാനം ഇടിഞ്ഞു. 4,436 കോടി ഡോളറാണ് കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയത്. 2017-18ൽ ഇത് 4,485 കോടി ഡോളറായിരുന്നു. ആറുവർഷത്തിനിടെ ആദ്യമായാണ് എഫ്.ഡി.ഐയിൽ ഇടിവുണ്ടാകുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2018-19) ജി.ഡി.പി വളർച്ചാക്കണക്ക് നാളെ പുറത്തുവരും. ഏഴ് ശതമാനമോ അതിൽ താഴെയോ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ രാജ്യം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളർച്ചയായിരിക്കും അത്. ജി.ഡി.പി ഇടിയുമെന്ന സൂചന തന്നെയാണ് എഫ്.ഡി.ഐയിലുണ്ടായ വീഴ്‌ചയും വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം സിംഗപ്പൂരാണ് ഇന്ത്യയിൽ ഏറ്റവുമധികം നേരിട്ടുള്ള നിക്ഷേപം നടത്തിയത്; 1,622 കോടി ഡോളർ. മൗറീഷ്യസ് (680 കോടി ഡോളർ), ജപ്പാൻ (298 കോടി ഡോളർ) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മോദി സർക്കാരും എഫ്.ഡി.ഐയും
നരേന്ദ്ര മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷക്കാലത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വളർച്ച
2014-15: 25%
2015-16: 35%
2016-17: 9%
2017-18: 3%
2018-19: -1%