karnataka

ബംഗളൂരു: കർണാകടത്തിൽ ബി.ജെ.പിയുടെ കെണിയിൽ കുരുങ്ങിയ കുമാരസ്വാമി സർക്കാരിനെ നിലനിറുത്താൻ കോൺഗ്രസ് ഊർജ്ജിത ശ്രമം തുടരുന്നു. പാർട്ടിയിൽ നിന്ന് രണ്ട് വിമത എം.എൽ.എമാർ ബി.ജെ.പി നേതാക്കളുമായ ചർച്ച നടത്തിയ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ പ്രശ്‌നപരിഹാരത്തിന് ബംഗളൂരുവിലെത്തിയ എ.ഐ.സി.സി സംഘം ഇന്നലെ രാത്രി വൈകുവോളം അനുനയ ചർച്ചകൾക്ക് നേതൃത്വം നൽകി. മന്ത്രിസഭ പുനസ്സംഘടിപ്പിച്ച് വിമതപക്ഷ എം.എൽ.എമാരെ ബെർത്ത് നൽകി അനുനയിപ്പിക്കാനാണ് ശ്രമം.

സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിർദ്ദേശപ്രകാരം ഡൽഹിയിൽ നിന്ന് എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും, മുതിർന്ന നേതാവ് ഗുലാം നബി ആസാദും ഇന്നലെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, പി.സി.സി അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരുമായി സ്ഥിതിഗതികൾ ചർച്ചചെയ്‌തു.

34 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന്റെ ഒന്നും ജെ.ഡി എസിന്റെ രണ്ടും മന്ത്രിസ്ഥാനങ്ങൾ വിമത എം.എൽ.എമാർക്കു നൽകാനാണ് സാദ്ധ്യത. ഇവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ നിലവിലെ അഞ്ചു മന്ത്രിമാർക്കെങ്കിലും സ്ഥാനം നഷ്ടമാകും. ഇത് പുതിയ തലവേദനകൾക്ക് കാരണമാകുമോ എന്നതും നേതൃത്വത്തിന് തലവേദനയാണ്. അതിനിടെ, വിമതർക്ക് സ്ഥാനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടതോടെ കോൺഗ്രസിൽ നിന്ന് കൂടുതൽ എം.എൽ.എമാർ പദവികൾ ആവശ്യപ്പെട്ടു തുടങ്ങിയതായി റിപ്പോർട്ടുണ്ട്.

കർണാടക കോൺഗ്രസിലെ 'ക്രൈസിസ് മാനേജർ' ആയി അറിയപ്പെടുന്ന ഡി.കെ ശിവകുമാറിന്റെ മദ്ധ്യസ്ഥതയിൽ വിമതരെ

അനുനയിപ്പിച്ച് കൂടെ നിറുത്താൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇന്നലെ കെ.സി വേണുഗോപാലും, ഗുലാംനബി ആസാദും ഡി.കെ ശിവകുമാറിനെ കണ്ടും നടത്തിയിരുന്നു. വിമത നേതാവ് രമേഷ് ജാർക്കിഹോളി വഴി വടക്കൻ കർണാടകത്തിലെ ആറ് കോൺഗ്രസ് എം.എൽ.എമാരെ രാജിവയ്പ്പിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നതായ അഭ്യൂഹങ്ങൾക്കിടെയാണ് അനുനയ നീക്കങ്ങളും ശക്തമാകുന്നത്. കെ.സി വേണുഗോപാലിനെ ബഫൂൺ എന്നു വിളിച്ച മുതിർന്ന എം.എൽ.എ റോഷൻ ബെയ്ഗ് ഉൾപ്പെടെയുള്ള എം.എൽ.എമാർ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.

സർക്കാർ സുരക്ഷിതം

കർണാടക സർക്കാർ സുരക്ഷിതമാണെന്ന് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. 'എം.എൽ.എമാരിൽ ചിലർ നേതാക്കൾക്കെതിരെ സംസാരിച്ചെന്നത് ശരിയാണ്. അവരോടെല്ലാം സംസാരിച്ച് സാഹചര്യം ബോദ്ധ്യപ്പെടുത്തും. മുഖ്യമന്ത്രി എല്ലാവരോടും സംസാരിച്ചിട്ടുണ്ട്. എല്ലാവരും നിയന്ത്രണത്തിലാണെന്നാണ് കരുതുന്നത്- ഡി.കെ ശിവകുമാർ വ്യക്തമാക്കി.

ജൂൺ പത്ത് അതിജീവിക്കില്ല

കർണാടകയിലെ കോൺഗ്രസ്‌ - ജെ.ഡി.എസ് സഖ്യസർക്കാർ ജൂൺ പത്ത് എന്ന തീയതിക്കപ്പുറം പോകില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.എൻ രാജണ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഖ്യ സർക്കാറിനെതിരെ പരസ്യമായി രംഗത്തു വന്ന നേതാവിനോട് കോൺഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്.