annamali

ബംഗളൂരു: കർണാടക പൊലീസിൽ 'സിംഹം' എന്നറിയപ്പെടുന്ന ഡെപ്യൂട്ടി കമ്മിഷണർ ഒഫ് പൊലീസ് (ബംഗളൂരു സൗത്ത്) കെ.അണ്ണാമലൈ ഇന്ത്യൻ പൊലീസ് സർവീസിൽനിന്നു രാജിവച്ചു. ആഭ്യന്തര മന്ത്രി എം.ബി.പാട്ടീലിനൊപ്പം എത്തിയാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ രാജിവയ്ക്കുന്ന വിവരം അണ്ണാമലൈ അറിയിച്ചത്.

കർണാടക പൊലീസിലെ സത്യസന്ധനും ധീരനുമായ പൊലീസ് ഓഫീസറായിട്ടാണ് അണ്ണാമലൈ അറിയപ്പെടുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങളിലായി 10 വർഷത്തോളം സേവനം അനുഷ്ഠിച്ച ശേഷമാണ് അണ്ണാമലൈ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

'ആറുമാസത്തെ ആലോചനയ്ക്ക് ശേഷമാണ് താൻ ജോലി മതിയാക്കാൻ തീരുമാനിച്ചത്. എല്ലാത്തരത്തിലും ജോലിയിൽ സംതൃപ്തനായിരുന്നു. കഴിഞ്ഞ വർഷം നടത്തിയ കൈലാസ്- മാനസരോവർ യാത്ര പലരീതിയിലും എന്നെ മാറ്റിമറിച്ചു. ഒപ്പം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മധുകർ ഷെട്ടി സാറിന്റെ മരണവും ജീവിതത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ പ്രേരിപ്പിച്ചു'- അണ്ണാമലൈ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായോ രാഷ്ട്രീയ നേതാക്കളുമായോ ചർച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു അണ്ണാമലൈയുടെ മറുപടി. ആറുമാസം വെറുതേയിരിക്കുമെന്നും മകന്റെ നല്ല അച്ഛനാകണമെന്നും ഒപ്പം കൃഷിപ്പണിയിലേക്ക് തിരിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 2011 ലെ ഐ.പി.എസ് ബാച്ചിലെ ഓഫീസറാണ് അണ്ണാമലൈ. തമിഴ്നാട്ടിലെ കാരൂർ ആണ് സ്വദേശം. 2013 ൽ കർകല സബ് ഡിവിഷനിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസായിട്ടായിരുന്നു കരിയർ തുടക്കം. ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളിൽ എസ്‌.പിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഉഡുപ്പിയിൽനിന്നും അണ്ണാമലൈയെ സ്ഥലം മാറ്റിയപ്പോൾ ജനങ്ങൾ പ്രതിഷേധിച്ചത് വാർത്തയായിരുന്നു.