ioc

ന്യൂഡൽഹി: ഇന്ധനവില വർദ്ധനയുടെ പേരിൽ ജനങ്ങളുടെ പഴി കേൾക്കുമ്പോഴും വൻ കടബാദ്ധ്യതയാൽ നട്ടം തിരിയുകയാണ് ഇന്ത്യയിലെ എണ്ണവിതരണ കമ്പനികൾ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ) എന്നിവയുടെ സംയുക്ത കടബാദ്ധ്യത 2019 മാർച്ചിലെ കണക്കുപ്രകാരം 1.62 ലക്ഷം കോടി രൂപയാണ്. 2018ലെ 1.25 ലക്ഷം കോടി രൂപയിൽ നിന്ന് 30 ശതമാനമാണ് വർദ്ധന.

ഉയർന്ന മൂലധനച്ചെലവും (വികസന പദ്ധതികൾക്കുള്ള ചെലവ്) കേന്ദ്രസർക്കാരിൽ നിന്നു കിട്ടേണ്ട സബ്സിഡി കുടിശികയായതുമാണ് കമ്പനികളെ കടക്കെണിയിലേക്ക് വീഴ്‌ത്തിയത്. ഇന്ത്യൻ ഓയിലിന് 92,712 കോടി രൂപ, ബി.പി.സി.എല്ലിന് 42,915 കോടി രൂപ, എച്ച്.പി.സി.എല്ലിന് 26,036 കോടി രൂപ എന്നിങ്ങനെയാണ് കടമുള്ളത്.