കൊച്ചി: പത്മ ജംഗ്‌ഷനിൽ പതിവു സ്ഥലത്ത് സ്‌കൂട്ടർ പാർക്ക് ചെയ്‌ത്, ഗ്ളാസിലേക്ക് കാപ്പി പകരുന്നതിനിടെയാണ് സാബു അതു കണ്ടത്- അപ്പുറത്തെ കെട്ടിടങ്ങൾക്കു മുകളിലൂടെ കനത്ത പുകച്ചുരുൾ പൊങ്ങുന്നു. സ്‌കൂട്ടറും കാപ്പിപ്പാത്രവും ഉപേക്ഷിച്ച് ബ്രോഡ്‌വേയിലെ ഇടുങ്ങിയ വഴിയിലൂടെ പാഞ്ഞുചെന്നു. ഫയർഫോസുകാർ തീയണയ്‌ക്കാനുള്ള ഒരുക്കത്തിലാണ്. തൊട്ടടുത്ത കെട്ടിടത്തിനുള്ളിലേക്കു പാഞ്ഞ്, ഓടിളക്കി മേൽക്കൂരയിൽ കയറി സാബു ഫയർഫോഴ്‌സിന്റെ വാട്ടർ ഗണ്ണെടുത്ത് വെള്ളംചീറ്റിക്കാൻ തുടങ്ങി....
കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് പകർത്തിയ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ബ്രോഡ്‌വേയിലെ അഗ്നിബാധയ്‌ക്കിടെ തീയണയ്‌ക്കാൻ ധീരശ്രമം നടത്തിയ കഥാനായകൻ ആ അനുഭവം പറഞ്ഞു: കാറ്റിന്റെ ഗതി കിഴക്കു നിന്ന് പടിഞ്ഞാറോട്ടാണെന്ന് മനസിലായി. എതിർദിശയിൽ വെള്ളമടിച്ചാലേ തീ നിയന്ത്രിക്കാൻ പറ്റൂ എന്ന് ഫയർഫോഴ്സുകാരോട് പറഞ്ഞു. കടകൾക്കകത്തേക്ക് കടക്കാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല. എല്ലായിടവും തീയും പുകയും നിറഞ്ഞിരുന്നു. വൈകിയാൽ അപകടമാണ്. ഏണി ഇറക്കിയാൽ വഴിയൊരുക്കാമെന്ന് ഫയർഫോഴ്സുകാരോടു പറഞ്ഞു. മറുപടിക്കൊന്നും കാത്തുനിന്നില്ല. നേരെ അകത്തേക്കു കടന്നു. ഈ വഴിയിലൂടെ ഫയർഫോഴ്സും വന്നു...
ചെറുപ്പം തൊട്ടേ സാഹസികത ഇഷ്‌ടപ്പെടുന്ന സാബു മുമ്പ് ചാലക്കുടി ശ്രീലക്ഷ്മി ടെക്സ്റ്റൈൽസിലും നാലു വർഷം മുമ്പ് സെന്റ് ഫ്രാൻസിസ് പള്ളിയിലും, മുളവുകാട് വ്യാപാരിഭവനിലും തീ പിടിച്ചപ്പോഴും രക്ഷാപ്രവർത്തിൽ പങ്കാളിയായിട്ടുണ്ട്.
അയാൾ മറക്കില്ല, ഈ രക്ഷകനെ
പതിനാറു വർഷമായിട്ടും അയാൾ സാബുവിനെ മറന്നിട്ടില്ല. ഒരിക്കലും മറക്കാൻ കഴിയുകയുമില്ല. ഒരു ഡിസംബർ 31-നാണ് റോഡരികിൽ അപകടത്തിൽപ്പെട്ടു കിടന്ന ഒരാളെ സാബു പെട്ടി ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. തലച്ചോറിൽ രക്തസ്രാവമുണ്ടായിരുന്നു. കൃത്യസമയത്ത് എത്തിച്ചതുകൊണ്ട് ജീവൻ രക്ഷിക്കാനായി. പിന്നീട് എല്ലാ വർഷവും ഡിസംബർ 31-ന് വൈകിട്ട് ഏഴരയ്‌ക്ക് ആ മനുഷ്യൻ സാബുവിനെ വിളിക്കും. തനിക്കു തിരികെ നൽകിയ ജീവിതത്തിന് നന്ദി പറയാൻ!
മുകുന്ദപുരം താലൂക്ക് എം.എൽ.സി ആയിരുന്ന പി.കെ പോളിന്റെ ചെറുമകനാണ് സാബു. അച്ഛൻ പി.പി ജോർജ്, അമ്മ ക്ളാര. ചാലക്കുടിയിൽ വളർന്ന സാബുവിന് സാഹസികത ചെറുപ്പം മുതൽ കൈമുതലാണ്. ജീവിതം കരുപ്പിടിപ്പിക്കാനാണ് പതിനഞ്ചു വർഷം മുമ്പ് എറണാകുളത്തെത്തിയത്. അമ്മയ്ക്കും ഭാര്യ ബിജി, മക്കൾ ആൽബിൻ, അലീന എന്നിവർക്കുമൊപ്പം മുളവുകാട്ടാണ് താമസം. പുലർച്ചെ രണ്ടിന് എഴുന്നേറ്റ് ഓട്ടോ ഓടിക്കാൻ പോകും. രാവിലെ എട്ടരയോടെ തിരിച്ചെത്തി, ഉച്ചവരെ സ്‌കൂട്ടറിൽ കാപ്പിക്കച്ചവടം. ഊണു കഴിഞ്ഞ് വൈകിട്ട് ഏഴു വരെ വീണ്ടും കാപ്പിയുമായി പത്മ ജംഗ്‌ഷനിലേക്ക്.