modi-

ന്യൂഡൽഹി: നാളെ അധികാരമേൽക്കുന്ന നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായും തമ്മിൽ നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയിൽ ധാരണയായത്. പ്രകാശ് ജാവദേക്കർ,​ അർജുൻ റാം മേഘ‌്‌വാൾ,​ നിർമ്മല സീതാരാമൻ,​ രവിശങ്കർ പ്രസാദ് ധർമ്മേന്ദ്ര പ്രധാൻ എന്നിവർ മന്ത്രിമാരായി തുടരും. അപ്നാദൾ നേതാവ് അനുപ്രിയപട്ടേലും മന്ത്രിസഭയിൽ തുടരും.

അമിത് ഷായും മന്ത്രിസഭയിൽ അംഗമാകും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് അവസാന തീരുമാനമായിട്ടില്ല. അടുത്ത ഒരുവ‍ർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ പരിഗണിച്ച് അതുവരെ അമിത് ഷാ ബി.ജെ.പി അദ്ധ്യക്ഷനായി തുടരുമെന്നും റിപ്പോർട്ടുണ്ട്. അമേത്തിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്കും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാകും. മന്ത്രിസഭയിൽ മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം ലഭിച്ചിട്ടുണ്ട്. മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ കൂടിക്കാഴ്ച നടത്തും.

അതേസമയം അനാരോഗ്യം കാരണം മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നറിയിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. മന്ത്രിസഭയിൽ അംഗമാകണമെന്ന് അഭ്യർത്ഥിക്കും,​ വകുപ്പില്ലാമന്ത്രിയായി മന്ത്രിസഭയിൽ തുടരണമെന്ന് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

നാളെ വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാചടങ്ങുകൾ.