facebook-post

തിരുവനന്തപുരം: സ്വന്തം പേരിന്റെ വാലായി ജാതിപ്പേരുകൾ ചേർത്ത് അഭിമാനിക്കുന്ന മലയാളികൾക്ക് മുന്നിൽ സ്കൂൾ പ്രവേശനത്തിന് മകളുടെ ജാതിയുടെയും മതത്തിന്റെയും കോളങ്ങൾ പൂരിപ്പിക്കാതെ ഒഴിവാക്കി മാദ്ധ്യമപ്രവർത്തകൻ. ഞങ്ങൾക്ക് ഒരാവശ്യകതയായി തോന്നാതിരുന്ന ആ കോളങ്ങൾ പൂരിപ്പിക്കാതെ ഒഴിവാക്കുകയാണെന്ന് മാദ്ധ്യമ പ്രവർത്തകനായ എൻ.പി. മുരളീകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

മകൾ സ്കൂളിൽ പോകാൻ തുടങ്ങുകയാണെന്നും,​ ചേർക്കുമ്പോൾ ജാതിയുടെയും മതത്തിന്റെയും കോളങ്ങൾ പൂരിപ്പിക്കാതെ ഒഴിവാക്കിയെന്നും എൻ.പി മുരളീകൃഷ്ണൻ പറയുന്നു. 'അവൾക്ക് ജാതിയും മതവും എന്തെന്ന് അറിയില്ല. വലുതാകുമ്പോൾ അറിയുമായിരിക്കും. അപ്പോൾ ഏതാ ജാതി, മതം? എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് അമ്മയുമച്ഛനും മതം ചേർത്തിട്ടില്ല, അതുകൊണ്ടു തന്നെ 'മനുഷ്യൻ' എന്നു മാത്രമായിരിക്കും അവളുടെ മറുപടി'. മുരളീകൃഷ്ണൻ വ്യക്തമാക്കി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പത്തു മുപ്പത്തഞ്ചു കൊല്ലത്തെ ജീവിതത്തിൽ ഇന്ന ജാതിയിൽ, മതത്തിൽ പെട്ടയാൾ എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല. ഒരവസരത്തിലും അതൊരു പ്രിവിലേജോ ആവശ്യകതയോ സാന്നിധ്യമോ ആയും തോന്നിയിട്ടില്ല. സ്കൂളിൽ ചേർക്കുമ്പോൾ രക്ഷിതാക്കൾ ചേർത്തു, പിന്നെ സർട്ടിഫിക്കറ്റുകളിൽ കൂടെപ്പോന്നു; അത്രമാത്രം. ഇപ്പോൾ മകൾ സ്കൂളിൽ പോകാൻ തുടങ്ങുകയാണ്. ഞങ്ങൾക്ക് ഒരാവശ്യകതയായി തോന്നാതിരുന്ന ആ കോളങ്ങൾ പൂരിപ്പിക്കാതെ ഒഴിവാക്കുകയാണ്. നിളയ്ക്ക് ഇപ്പോൾ മൂന്നര വയസ്സേയുള്ളൂ. അവൾക്ക് ജാതിയും മതവും എന്തെന്ന് അറിയില്ല. വലുതാകുമ്പോൾ അറിയുമായിരിക്കും. അപ്പോൾ ഏതാ ജാതി, മതം? എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് അമ്മയുമച്ഛനും മതം ചേർത്തിട്ടില്ല, അതുകൊണ്ടു തന്നെ 'മനുഷ്യൻ' എന്നു മാത്രമായിരിക്കും അവളുടെ മറുപടി.

തീരെ ചെറിയൊരു ജീവിതമാണ്. എന്തെല്ലാം നല്ല കാര്യങ്ങളുണ്ട് ചുറ്റിലും. അവൾ അതെല്ലാമറിഞ്ഞ് സ്വതന്ത്രയായി ജീവിക്കട്ടെ. പെൺകുട്ടിയല്ലേ, പത്തിരുപത് വയസ്സ് കഴിഞ്ഞാൽ കല്യാണം കഴിപ്പിച്ചയക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെയല്ല വളർത്തുന്നത്. സ്വന്തം വീട്ടിൽ നിന്ന് പിന്തുണയുണ്ടെങ്കിൽ ഒരു പെൺകുട്ടിക്ക് വലിയ ലക്ഷ്യങ്ങൾ കീഴടക്കാനാകും.

നിളയ്ക്ക് ഇന്ന് തിരുവനന്തപുരം മണക്കാട് ഗവ.സ്കൂളിലെ പ്രീ പ്രൈമറി ക്ലാസിൽ പ്രവേശനോത്സവമായിരുന്നു. "മനസ്സ് നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ" എന്നതായിരുന്നു അവൾ ആദ്യമായി കേട്ട പ്രാർഥന. ചുവരുകൾ അതിരിടാതെ കളിച്ചും പഠിച്ചും അവൾ വളരട്ടെ.
ലോകം മാറുമെന്നോ, ജാതിയും മതവും ഇല്ലാതെയായി അപരന്റെ വാക്കുകൾ സംഗീതമാകുന്ന കാലം വരുമെന്നോ പ്രതീക്ഷിച്ചിട്ടല്ല. സ്വന്തം ഉളളിൽ സദാ നടക്കുന്ന വിപ്ലവ പ്രവർത്തനത്തിന് ഊർജം പകരാൻ, വ്യവസ്ഥിതിയോട് കലഹിക്കുന്ന മനുഷ്യനോട് ഐക്യദാർഢ്യപ്പെടാൻ വേണ്ടി മാത്രം.