ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കേറ്റ തിരിച്ചടിയുടെ കാരണം വ്യക്തമാക്കി അരവിന്ദ് കെജ്‌രിവാൾ. കനത്ത തിരിച്ചടിയ്ക്ക് കാരണം വ്യക്തമാക്കി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പ്രവർത്തകരുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പ് തോൽവിക്കുള്ള കാരണം വ്യക്തമാക്കി കെജ്‌രിവാൾ രംഗത്തെത്തിയത്.
മികച്ച പ്രചരണമായിരുന്നു നടത്തിയിരുന്നതെങ്കിലും രാജ്യത്തെങ്ങും ആഞ്ഞടിച്ച് മോദി തരംഗം സ്വാഭാവികമായി ഡൽഹിയിലും അലയടിച്ചതായി കെജ്‌രിവാൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിനുള്ള ആദ്യകാരണം മോദി തരംഗം തന്നെയാണ്. മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിത്രീകരിക്കപ്പെട്ടത്. അതിനാൽ അതിനനുസൃതമായാണ് ജനം വോട്ടുചെയ്തത്. പരാജയത്തിന്റെ രണ്ടാമത്തെ കാരണം അതായിരുന്നു.
എന്തുകൊണ്ട് നമ്മൾക്ക് വോട്ടുചെയ്യണമെന്ന് പൊതുജനത്തെ ബോധിപ്പിക്കാൻ നമ്മുക്ക് സാധിച്ചില്ല എന്നത് പരാജയം തന്നെയാണ്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ മികച്ച ഭരണത്തിന് ജനം വോട്ടുചെയ്യും. ഒരഴിമതിയും ആം ആദ്മി സർക്കാരിനെതിരെ ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരിന്റെ വിവിധ ഭരണനേട്ടങ്ങളും കെജ്‌രിവാൾ ഉയർത്തിക്കാട്ടി.