തിരുവനന്തപുരം : ഏറെ നാളത്തെ അധികൃതരുടെ അവഗണനയ്ക്കൊടുവിൽ ശംഖുംമുഖം അണിഞ്ഞൊരുങ്ങുന്നു. പഞ്ചാരമണലിൽ കടൽകാറ്റേറ്റിരിക്കാനും സൗഹൃദ കൂടിക്കാഴ്ചകൾ നടത്താനും സൗകര്യമൊരുക്കുംവിധം സർക്കാർ പ്രഖ്യാപിച്ച ബീച്ച് നവീകരണ പദ്ധതികൾ അടുത്ത ആഴ്ച ആരംഭിക്കും.
നിത്യേന ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ബീച്ചിന്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള പരാതികളെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് ആരംഭിക്കുന്നത്. മാസങ്ങൾക്ക് മുൻപ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രഖ്യാപിച്ചതോടെ നീണ്ടുപോയ പദ്ധതിയാണ് അടുത്ത ആഴ്ചയോടെ തുടങ്ങുന്നത്.
ബീച്ചിൽ എത്തുന്ന സഞ്ചാരികൾ കടൽക്കരയിൽ ചെലവഴിക്കുന്നത് പോലെ കൂടുതൽ സമയം പാർക്കിലും ചെലവഴിക്കാറുണ്ട്. ഇവിടത്തെ ചാച്ചാ നെഹ്റു പാർക്കിൽ കുട്ടികളുമായി എത്തുന്നവർ കടുത്ത നിരാശയിലാണ് മടങ്ങാറുള്ളത്. കളിയുപകരണങ്ങൾ മിക്കതും ശോചനീയമായ അവസ്ഥയിലാണുള്ളത്. രാജഭരണത്തിന്റെ തിരുശേഷിപ്പുകളായി തലയുയർത്തി നിൽക്കുന്ന കൽമണ്ഡപങ്ങൾ, കൊട്ടാരം, ആറാട്ടുകുളം തുടങ്ങി സഞ്ചാരികളുടെ മനം കവർന്ന ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെട്ട നിലയിലല്ല. ഇവയെല്ലാം കൂടുതൽ സംരക്ഷിതമായി മാറ്റുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
മാസ്റ്റർപ്ലാനിൽ ശംഖുംമുഖം ബീച്ചിനെ ഭിന്നശേഷി സൗഹൃദമായി മാറ്റുന്നതിനുള്ള പദ്ധതിയും ഇതോടൊപ്പം നടത്തും. സംസ്ഥാനത്തെ ശംഖുംമുഖം അടക്കം 120 ടൂറിസം ഡെസ്റ്റിനേഷനുകൾ ഭിന്നശേഷിക്കാർക്കും ആസ്വദിക്കാൻ കഴയുംവിധം ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതിയുടെ ഭാഗമായി നിഷ്കർഷിച്ചിട്ടുള്ള സൗകര്യങ്ങളും പുതിയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
14.90 കോടിയുടെ പദ്ധതി
ഓഖിയിൽ തകർന്നുപോയ റോഡിനോട് ചേർന്ന നടപ്പാതയുടെ പുനർനിർമ്മാണം
സഞ്ചാരികൾക്ക് ഇരിക്കാൻ കടലിന് അഭിമുഖമായി പുതിയ ഇരിപ്പിടങ്ങൾ
ബീച്ചിലാകെ വെളിച്ചം വിതറാൻ ആധുനിക എൽ.ഇ.ഡി സംവിധാനങ്ങൾ
പാർക്കിന്റെ ആകർഷണീയത കൂട്ടാൻ ബീച്ചിലേക്ക് പ്രവേശന കവാടം
പാർക്കിന്റെ മുഖച്ഛായ മാറ്റി ലാൻഡ് സ്കേപ്പിംഗും ജലാശയവും
കുട്ടികൾക്കായി നൂതനമായ കളി ഉപകരണങ്ങൾ
മത്സ്യകന്യകയും കൽമണ്ഡപങ്ങളും കൂടുതൽ ദൃശ്യവത്കരിക്കാനുള്ള സംവിധാനം
ആവശ്യത്തിന് ടോയ്ലെറ്റ് സംവിധാനങ്ങൾ
കഫറ്റീരിയയുടെ വിപുലീകരണം
ഭിന്നശേഷിക്കാർക്കായി തയ്യാറാക്കുന്ന സൗകര്യങ്ങൾ
l കൈവരിയുള്ള റാമ്പ്
l ഭിന്നശേഷിയുള്ള സൗഹൃദ ടോയ്ലെറ്റ്
l വീൽചെയർ
l വാക്കിംഗ് സ്റ്റിക്ക് ഫോൾഡിംഗ് വാക്കർ
l ക്രച്ചസുകൾ സ്പെഷ്യൽ സൈനേജസ്
l ടാക്ളൈൽ വാക്ക്വോയ്സ്
l ശ്രവണ വഴികാട്ടി
l ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗ്ഗി
l സ്ട്രെച്ചർ
ശംഖുംമുഖം നവീകരണത്തിന് മാസ്റ്റർപ്ളാൻ അനുസരിച്ച് നടപ്പാക്കുന്ന പദ്ധതികൾക്ക് സാങ്കേതികാനുമതി ലഭിച്ചു കഴിഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രക്റ്റ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത ആഴ്ചയോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
രാജ്കുമാർ,(പ്ലാനിംഗ് ഓഫീസർ ടൂറിസം ഡിപ്പാർട്ട്മെന്റ്)