തിരുവനന്തപുരം: വന്ധ്യതാ ചികിത്സാ രംഗത്ത് സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ തൈക്കാട് ഗവ. ആശുപത്രിയിലെ ഇൻഫെർട്ടിലിറ്റി ക്ളിനിക്കിന്റെ സ്ഥല പരിമിതികൾക്ക് പരിഹാരമാകുന്നു. ക്ളിനിക്കിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വിജയകരമായ പ്രവർത്തനം കണക്കിലെടുത്ത് സർക്കാർ അനുവദിച്ച മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണം ആറ് മാസത്തിനകം പൂർത്തിയാകും. വൈദ്യുതീകരണ ജോലികൾക്കായി സമർപ്പിച്ച അൻപത് കോടിയുടെ എസ്റ്റിമേറ്റ് കൂടി അംഗീകരിച്ചാൽ കെട്ടിടം തുറന്ന് പ്രവർത്തിപ്പിക്കാനാവും. നിലവിലെ ക്ളിനിക്കിനോട് ചേർന്നാണ് രണ്ട് കോടിയിലധികം മുതൽ മുടക്കി കെട്ടിടം നിർമ്മിച്ചത്. കുടുംബക്ഷേമ കേന്ദ്രത്തിന്റെ ഒരുവശത്തായി ഇടുങ്ങിയ സ്ഥലത്താണ് ക്ളിനിക്കിന്റെ പ്രവർത്തനം. ദിനംപ്രതി അഞ്ഞൂറോളം ദമ്പതികളും അവരുടെ ബന്ധുക്കളുമുൾപ്പെടെ വന്നുപോകുന്ന ഇവിടെ നിന്നുതിരിയാൻ ഇടമില്ലാത്ത
സാഹചര്യമാണ്. മുറികളും ഹാളുകളും പലതായി തിരിച്ചാണ് കൺസൾട്ടേഷൻ റൂമുകളും ലാബുകളും പ്രവർത്തിക്കുന്നത്.
ഡോക്ടർമാരും വേണംപുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ സ്ഥലപരിമിതിക്ക് പരിഹാരമാകുമെങ്കിലും ക്ളിനിക്കിന്റെ സേവനം ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടണമെങ്കിൽ അര ഡസൻ ഡോക്ടർമാരെയെങ്കിലും പുതുതായി നിയോഗിക്കേണ്ടി വരും. കെട്ടിടത്തിന്റെ തറക്കല്ലിടീൽ വേളയിൽ ക്ളിനിക്കിൽ ആവശ്യമായ ഡോക്ടർമാരെ നിയോഗിക്കുമെന്ന് മന്ത്രി നൽകിയ ഉറപ്പിലാണ് രോഗികളുടെയും ജീവനക്കാരുടെയും പ്രതീക്ഷ. സീനിയർ കൺസൾട്ടന്റ് ഡോ.സാം ജോൺ വർഗീസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടർമാരുടെ പരിശ്രമം കൂടുതൽ ഫലപ്രാപ്തിയിലെത്തിക്കാൻ വിദഗ്ദ്ധ ഡോക്ടർമാരുടെയും മറ്ര് ജീവനക്കാരുടെയും സേവനവും ആവശ്യമാണ്. ആശുപത്രിയിൽ നിലവിലുള്ള ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം ഡോക്ടർമാരിൽ ചിലരുടെ സേവനം കൂടി പ്രയോജനപ്പെടുത്തിയാണ്. 2005ലാണ് ക്ളിനിക്ക് തുടങ്ങിയത്. രജിസ്റ്റർ ചെയ്യുന്നവരിൽ പകുതിയിലധികം പേർക്ക് പ്രയോജനപ്രദമാകും വിധം ക്ളിനിക് വളരുകയും ചെയ്തു.
സൗകര്യങ്ങൾ
രജിസ്ട്രേഷൻ കൗണ്ടർ
ഡോക്ടർമാരുടെ കൺസൾട്ടേഷൻ റൂമുകൾ
വിവിധതരം ലബോറട്ടറികൾ
എക്സ്റേ, സ്കാനിംഗ് സൗകര്യങ്ങൾ
നഴ്സിംഗ് സ്റ്റേഷനുകൾ
ഫാർമസി
ചികിത്സയ്ക്കെത്തുന്നവർക്ക് വെയിറ്റിംഗ് ഏരിയ
ടോയ്ലെറ്റ് സൗകര്യം
കെട്ടിടത്തിന്റെ സിവിൽ വർക്കുകൾ മിക്കതും പൂർത്തിയായി. ഇലക്ട്രിക്കൽ ജോലികൾ കൂടി പൂർത്തിയാക്കിയാൽ കെട്ടിടം തുറന്ന് പ്രവർത്തിപ്പിക്കാം. ആറ് മാസത്തിനുള്ളിൽ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡോ. പ്രീതി, സൂപ്രണ്ട്,(തൈക്കാട് ഗവ. ആശുപത്രി)