തിരുവനന്തപുരം: 'തങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ച ഓരോ വോട്ടർമാർക്കും പ്രതിഫലമായി എന്ത് തിരികെ നൽകാൻ കഴിയും നിങ്ങൾക്ക് ? "ചോദ്യം പത്തൊൻപതാം ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എം.പിമാരോടാണ്. മറ്റൊന്നും നൽകിയില്ലെങ്കിലും ഓരോ വോട്ടറിന്റെ പേരിലും ഓരോ മരങ്ങളെങ്കിലും വച്ചുപിടിപ്പിക്കാൻ എം.പിമാരെ വെല്ലുവിളിക്കുകയാണ് തലസ്ഥാനത്തെ ജില്ലാ ഭരണകൂടത്തിന്റെ സ്ഥിതി പ്രോജക്ട്. വെന്തുരുകുന്ന ഭൂമിക്ക് ആശ്വാസമായി പ്രോജക്ട് സ്ഥിതിയുടെ 'പ്ലാന്റ് ഫോർ ദി പ്ലാനറ്റ് : മാർജിൻ ട്രീ ചലഞ്ച് ".
ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ജ് (ഐ.പി.സി.സി) റിപ്പോർട്ട് പ്രകാരം ലോകത്തെ ശരാശരി താപനില ഒന്നര ഡിഗ്രിയിൽ കൂടാതെ പിടിച്ചു നിറുത്തിയില്ലെങ്കിൽ ലോകം അതിന്റെ അന്ത്യത്തിലേക്ക് എത്തിച്ചേരും. ഭൂമിയെയും പ്രകൃതിയെയും സ്നേഹിക്കുകയും വരും തലമുറകളെപ്പറ്റി വിചാരപ്പെടുകയും ചെയ്യുന്ന ഓരോ മനുഷ്യസ്നേഹിയെയും വേദനിപ്പിക്കുന്ന അനുഭവമാണിത്. 17-ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവർക്ക് ലഭിച്ച ഭൂരിപക്ഷത്തിനനുസരിച്ച് വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കാനുള്ള വെല്ലുവിളിയാണ് മാർജിൻ ട്രീ ചലഞ്ചിലൂടെ പ്രോജക്ട് സ്ഥിതി മുന്നോട്ടു വയ്ക്കുന്നത്. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 20 ലോക്സഭാ ജനപ്രതിനിധികൾക്കായി 20 വൃക്ഷത്തൈകൾ സംഘാടകർ ആദ്യം വച്ചു പിടിപ്പിച്ചാണ് വെല്ലുവിളി ഉയർത്തുന്നത്.
പരിപാടിയുടെ ആദ്യ ഉദ്ഘാടനം പേരൂർക്കട കൺകോടിയ ഹയർ സെക്കൻഡറി സ്കൂളിൽ 20 മരങ്ങൾ നട്ട് നിർവഹിക്കാനാണ് സംഘാടകരുടെ തീരുമാനം. ഈ ഉദ്ധ്യമത്തിന് തലസ്ഥാനത്തെ എം.പി. ശശി തരൂർ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംഘാടകർ പറയുന്നു.
എന്താണ് സ്ഥിതി?
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ആവശ്യകതയെക്കുറിച്ചും ജനങ്ങളിലേക്ക് അറിവ് പങ്കുവയ്ക്കുകയാണ് സ്ഥിതി എന്ന സംഘടന. സാദ്ധ്യമായ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുക, റീയൂസ്, റെഡ്യൂസ്, റീസൈക്കിൾ ഉത്പന്നങ്ങളെക്കുറിച്ച് ബോധവത്കരണം, കൃത്യമായ മാലിന്യ നിർമാർജനം എന്നിവയും സ്ഥിതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പ്രളയസമത്ത് ദുരിതാശ്വാസത്തിനായി ഒത്തുകൂടിയവരാണ് സ്ഥിതിയിലെ പ്രവർത്തകർ. സന്നദ്ധ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. മൈ ബഡ്ഡി ബോട്ടിൽ കാമ്പെയിൻ, സ്ട്രോ കാമ്പെയിൻ, മഷി പേന കാമ്പെയിൻ, ഡിസ്പോസിബിൾസ് എന്നിവയാണ് സ്ഥിതിയുടെ പ്രധാന പ്രവർത്തനങ്ങൾ.