തിരുവനന്തപുരം: ഭാഷയുടെ അതിർവരമ്പുകൾ ചാടിക്കടന്ന് ദേശീയ സഹവാസക്യാമ്പിലെ കുട്ടികൾ ഒത്തൊരുമിച്ചു. അങ്ങനെ ദേശീയ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ശിശുക്ഷേമസമിതി കനകക്കുന്നിൽ നടത്തുന്ന ക്യാമ്പ് ഒരു കുഞ്ഞ് ഇന്ത്യയായി മാറി. തമിഴനും തെലുങ്കനും മലയാളിയും മണിപ്പൂരിയും വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരും രാജസ്ഥാനിയും പഞ്ചാബിയും ഒത്തൊരുമിച്ച് ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന സന്ദേശം പകർന്നു. പല പല സംസ്ഥാനങ്ങളിൽ നിന്ന് വന്ന കുട്ടികളെ ഇടകലർത്തി ആറ് ഗ്രൂപ്പുകളാക്കി തിരിച്ചാണ് രണ്ടാം ദിവസത്തെ ക്യാമ്പ് അധികൃതർ വൈവിദ്ധ്യമാർന്ന പരിപാടികൾ നടത്തിയത്. അത് കുട്ടികളിൽ ചിരി പടർത്തുകയും ചിന്ത വിടർത്തുകയും ചെയ്തതിനൊപ്പം മാനസികമായ ഐക്യം സൃഷ്ടിക്കുന്നതിനും സഹായകമായി.
ആശയവിനിമയത്തിന് ഭാഷ തടസമല്ലെന്ന് ഓരോ പരിശീലന പരിപാടികളിലും പങ്കെടുത്ത കുട്ടികൾ തെളിയിച്ചു. സൈക്കോളജിസ്റ്റും സോഫ്റ്റ് സ്കിൽ വിദഗ്ദ്ധനുമായ പ്രൊഫ. ജി. സുരേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് ക്യാമ്പിലുള്ള 250 കുട്ടികൾക്ക് പരിശീലനം നൽകിയത്. കടലാസുകൊണ്ട് സതീന്ദ്രൻ പന്തലക്കോട് തൊപ്പിയും കാറ്റാടിയും തവളയും ഉണ്ടാക്കുന്ന കരകൗശല ഇന്ദ്രജാലം കണ്ട് കുട്ടികൾ അമ്പരന്നു. പലരും അവയെല്ലാം ഉണ്ടാക്കാൻ പരിശ്രമിച്ചു. മേഘാലയയിൽ നിന്നുള്ള കുട്ടികൾ തൊപ്പിയുണ്ടാക്കുന്നത് ഏറെ കൗതുകത്തോടെയാണ് കണ്ടത്. നിത്യജീവിതത്തിൽ സംഭവിക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങളുടെ ശാസ്ത്രീയ വശം കളികളിലൂടെ പകർന്ന് നൽകിയത് കുട്ടികൾക്ക് പുതിയ അ
നുഭവമായി.
ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടാനും പരിഹരിക്കാനും കുട്ടികളെ പ്രാപ്തരാക്കാനുള്ള ലൈഫ് സ്കില്ലിനെ സംബന്ധിച്ച് പ്രിത ക്യാമ്പ് അംഗങ്ങളെ മനസിലാക്കി. കാരയ്ക്കാമണ്ഡപം വിജയകുമാർ ചിത്രരചന, സി.പി. അരവിന്ദാക്ഷൻ ശാസ്ത്രം, നജീം ഇലക്ട്രോണിക്സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. ക്യാമ്പ് ഡയറക്ടർമാരായ പ്രമോദ്, ബിന്ദു എന്നിവർ നേതൃത്വം നൽകി.