തിരുവനന്തപുരം: ബൈക്കിനെയും റേസിംഗിനെയും ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ഇരുപത്തിയൊന്നുകാരി, അതാണ് ഒറ്റവാക്കിൽ പഞ്ചമി എന്ന ബൈക്ക് റേസർ (ഡേർട്ട് റേസർ). തിരുവനന്തപുരത്ത് നടന്ന ഡേർട്ട്ട്രിക്സ് എന്ന ഡേർട്ട് റേസിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഏക വനിത പഞ്ചമിയാണ്. ബൈക്കിനും ട്രാക്കിനും ആയി ജീവിതം ഉഴിഞ്ഞുവച്ച പഞ്ചമി തിരുവനന്തപുരം ശ്രീകാര്യം ഇളംകുളം ശിവശക്തി നിവാസിലെ സനൽ കുമാറിന്റെയും ലതികയുടെയും മകളാണ്.
പട്ടം സെന്റ് മേരീസ് സ്കൂളിൽ നിന്നു സ്കൂൾതല വിദ്യാഭ്യാസം പൂർത്തിയാക്കിയ പഞ്ചമി എം.ജി കോളേജിൽ നിന്നു ബിരുദപഠനവും പൂർത്തിയാക്കി. എയർഫോഴ്സ് എന്ന വലിയ സ്വപ്നത്തോടെ ഒപ്പം ബൈക്ക് റേസിംഗ് മുന്നോട്ടുകൊണ്ടുപോകുന്നതിൽ പഞ്ചമി വിജയിച്ചിരുന്നു. ഡ്രൈവറായ അച്ഛന്റെ കൂടെയുള്ള ബൈക്ക് യാത്രകൾ പഞ്ചമിയുടെ മനസിൽ കുട്ടിക്കാലം മുതൽക്കുതന്നെ ബൈക്കിനോടുള്ള കമ്പം വളർത്തി. തുടർന്ന് അച്ഛന്റെ പക്കൽനിന്നു ബൈക്കിന്റെ ബാലപാഠങ്ങൾ മനസിലാക്കി പഞ്ചമി തന്റെ 10 വയസ് മുതൽ ബൈക്ക് ഓടിക്കാൻ തുടങ്ങി. തന്റെ സമപ്രായക്കാർ സൈക്കിൾ ഓടിക്കാൻ തുടങ്ങുന്ന സമയത്ത് താൻ ബൈക്ക് ഓടിക്കുന്നത് പ്രദേശവാസികൾക്ക് കൗതുകകരമായിരുന്നു എന്ന് പഞ്ചമി പറയുന്നു. ബൈക്ക് റേസിംഗ് പോലെ അപകടകരമായ മത്സരം തിരഞ്ഞെടുത്തത് ആദ്യം മാതാപിതാക്കൾ എതിർത്തെങ്കിലും പിന്നെ അവരും വഴങ്ങി. ഇതിനിടെ പലപ്രാവശ്യം മരണത്തെ മുന്നിൽ കണ്ടു.
പരിശീലനത്തിനിടയിൽ ഉണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്ക് സംഭവിക്കുകയും കൈകൾക്ക് ഒടിവുണ്ടാകുകയും ചെയ്തു. 20 ദിവസത്തോളം ജീവനായി പോരാടി വെന്റിലേറ്ററിലായി. ആയിടെ ബൈക്ക് റേസ് പൂർണമായും ഒഴിവാക്കേണ്ട അവസ്ഥ ഉണ്ടായെങ്കിലും തന്റെ ജീവന്റെ ജീവനായ ബൈക്കിനെ കൈവിടാൻ പഞ്ചമിക്കായില്ല. വീണ്ടും കഠിനപരിശ്രമത്തിലൂടെ പഞ്ചമി പഴയതിലും ശക്തമായി തിരിച്ചു വരികയാണ് ഇപ്പോൾ. ഇനി ഒന്നും കഴിയില്ല എന്ന അവസ്ഥയിൽ നിന്നും എന്തുകൊണ്ട് കഴിയില്ല എന്ന് ചിന്തിപ്പിക്കാൻ തന്റെ ബൈക്കിനായെന്ന് പഞ്ചമി കൂട്ടിച്ചേർത്തു. തന്റെ അപകടശേഷം ആദ്യമായി പങ്കെടുത്ത ഡേർട്ട്ട്രിക്സിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പഞ്ചമി തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്.
കാര്യവട്ടം ഗ്രൗണ്ടിൽ വിഷ്ണു ജിതിനോടൊപ്പം പരിശീലനത്തിന്റെ തിരക്കിലാണ് പഞ്ചമി ഇപ്പോൾ. "എന്ത് വേണോ സംഭവിക്കാം, പക്ഷേ ഞാൻ ബൈക്കിന്റെയും ട്രാക്കിന്റെയും ഒപ്പം ആയിരിക്കും"- പഞ്ചമി ഉറപ്പിച്ചു പറയുന്നു.