കാൻസർ ബാധിതയായ ശേഷം ഇടവേളയെടുത്ത ഗ്ളാമർ താരം ലിസാ റേ തിരിച്ചുവരവിനൊരുങ്ങുന്നു. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് കസൂർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ ലിസാ റേയെ പ്രശസ്തയാക്കിയത് ബോംബെ ഡെയിംഗിന്റെ പരസ്യചിത്രങ്ങളാണ്. തമിഴിൽ ശരത് കുമാറിന്റെ നായികയായി നേതാജി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഫോർ മോർ ഷോട്ട്സ് പ്ളീസ് എന്ന വെബ് സീരീസിലൂടെ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്ന ലിസാ റേ എ.ആർ. റഹ്മാന്റെ 99 സോംഗ്സ് എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
നാല്പത്തിയേഴുകാരിയായ തനിക്ക് ഇപ്പോഴാണ് സൗന്ദര്യം കൂടുതലെന്നും കാൻസർ ചികിത്സയുടെ ഭാഗമായുള്ള സ്റ്റിറോയ്ഡ് ഉപയോഗം കാരണം നാല്പത്തിയൊന്ന് പൗണ്ട് തൂക്കം കൂടിയിട്ടും റാംപ് വാക്കിന്റെ സമയത്ത് പണ്ടത്തേക്കാൾ ആത്മവിശ്വാസം തോന്നിയെന്നും ലിസാ റേ പറയുന്നു.ക്ളോസ് ടു ദ ബോൺ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലിസാ റേ.
കാൻസർ ബാധിതയായിരുന്ന സമയത്ത് ലിസാ റേ കടന്നുപോയ ഇരുൾവഴികളാണ് പുസ്തകത്തിന്റെ ഇതിവൃത്തം.