അല്ലു അർജുൻ നായകനാവുന്ന തെലുങ്ക് സിനിമയിൽ ജയറാം ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂൺ 2ന് ആരംഭിക്കും. അഞ്ചിന് ജയറാം ജോയിൻ ചെയ്യും.തെലുങ്കിലെ പ്രമുഖ ബാനറായ ഗീത ആർട്സ് ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന സിനിമയുടെ പേര് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.മുഴുനീള വേഷമാണ് ജയറാമിനെ കാത്തിരിക്കുന്നത്.പൂജ ഹെഗ്ഡെയാണ് നായിക.
റാമോജി ഫിലിം സിറ്റിയാണ് പ്രധാന ലൊക്കേഷൻ.അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദിന്റെ ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് ഗീത ആർട്സ്. ജയറാമിന്റെ രണ്ടാമത്തെ തെലുങ്ക് സിനിമയാണിത്.അനുഷ്ക ഷെട്ടി പ്രധാന വേഷത്തിൽ എത്തിയ ബാഗമതിയാണ് ജയറാമിന്റെ ആദ്യ തെലുങ്ക് ചിത്രം.ഇതിലെ ജയറാമിന്റെ വില്ലൻ വേഷം ശ്രദ്ധേയമായിരുന്നു.
അല്ലു അർജുനെ നായകനാക്കി ജൂലായ് (ഗജപോക്കരി), സൺ ഒഫ് സത്യമൂർത്തി എന്നീ സിനിമകൾ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്തിട്ടുണ്ട്.സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ടീം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.