sahran-hashim

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരകളുടെ സൂത്രധാരനായ സഹ്റൻ ഹാഷിമിനെ കുറിച്ച് വിവരം ലഭിച്ചിട്ടും ശ്രീലങ്കൻ പോലീസ് അറസ്റ്റ് ചെയ്തില്ല. ഇയാളെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ പൊലീസിന് നേരത്തേ തന്നെ ലഭിച്ചിരുന്നു. ശ്രീലങ്കയിലെ മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

സ്ഫോടന പരമ്പരകൾ സംബന്ധിച്ച് ഉണ്ടായ സുരക്ഷാ വീഴ്ച്ചകൾ അന്വേഷിക്കുന്ന പാർലമെന്ററി അന്വേഷണ സംഘത്തെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ശിശിര മെന്റിസ് ഈ വിവരം അറിയിച്ചത്. സഹ്റാൻ ഹാഷിം നയിച്ച സ്ഫോടന പരമ്പര, അയാളെ സമയത്ത് അറസ്റ്റ് ചെയ്തിരിന്നുവെങ്കിൽ ഒഴിവാക്കാനായേനെ എന്നാണ് മെന്റിസ് അന്വേഷണ സംഘത്തെ ധരിപ്പിച്ചത്.

'വർഗ്ഗീയ വിദ്വേഷത്തോടെ പ്രസംഗിച്ചതിന് അയാൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. അധികാരപ്പെട്ടവർക്ക് അയാളെ കുറിച്ച് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. പോലീസിന് വേണമെങ്കിൽ അയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാമായിരുന്നു' ദേശീയ ഇന്റലിജൻസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശിശിര മെന്റിസ് പറഞ്ഞു.

രണ്ട് വർഷം മുൻപ് ഹാഷിമിന്റെ ഗ്രാമത്തിൽ ഒരു മുസ്ലിം സംഘടനയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ ഇയാളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. മെന്റിസ് പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരകളിൽ 258 പേരാണ് കൊല്ലപ്പെട്ടത്.