പെൺകുട്ടികൾ ഒരു പ്രായമെത്തിയാൽ വിവാഹം കഴിക്കണമെന്നാണ് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട്. ഭർത്താവും കുട്ടുകളുമൊക്കെയായി ജീവിക്കുമ്പോഴാണ് അവളുടെ ജീവിതം പൂർണ്ണമാകുന്നത് എന്നും പറയാറുണ്ട്. കേരളത്തിലാണെങ്കിൽ 18 വയസാകുമ്പോൾ തുടങ്ങും മകൾക്ക് വിവാഹമായില്ലേയെന്ന ചോദ്യം. എന്നാൽ വിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് അവിവാഹിതരായ സ്ത്രീകളാണ് കൂടുതൽ ആരോഗ്യവതികളും സന്തോഷവതികളെന്നുമാണ് പുതിയ പഠനം പറയുന്നത്.
അമേരിക്കൻ ടൈം യൂസ് സർവേയാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. ലണ്ടൻ മാർക്കറ്റിങ് ഇന്റലിജൻസ് കമ്പനിയായ മിന്റൽ നടത്തിയ പഠനത്തിൽ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ ബിഹേവിയറൽ സയൻസിൽ പ്രഫസറായ പോള്‍ ഡോലന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. വിവാഹിതർ, വിവാഹ മോചിതർ, അവിവാഹിതർ, അകന്നു കഴിയുന്നവർ, വിധവകൾ എന്നിവരോട് സംസാരിച്ചാണ് പഠനം നടത്തിയത്. ഭർത്താക്കന്മാർക്കൊപ്പമിരുന്ന് മറുപടി പറയുമ്പോൾ മാത്രമാണ് തങ്ങൾ സന്തോഷവതികളാണെന്ന് വിവാഹിതരായ സ്ത്രീകൾ പറയുന്നത്.എന്നാൽ അവിവാഹിതരായ സ്ത്രീകൾ എപ്പോൾ ചോദിച്ചാലും ആരെയും പേടിക്കാതെ തങ്ങൾ സന്തോഷവതികളാണെന്ന് തുറന്ന് പറയുന്നുവെന്ന് പ്രൊഫസർ പറയുന്നു.
വിവാഹ ശേഷം സന്തോഷിക്കുന്നത് പുരുഷന്മാർ മാത്രമാണെന്നും സ്ത്രീകൾ സന്തോഷത്തിൽ നിന്ന് സങ്കടത്തിലേക്കാണ് സഞ്ചരിക്കുന്നതെന്നും പഠനം പറയുന്നു.വിവാഹശേഷം പുരുഷന്മാരുടെ സ്വഭാവത്തിൽ മാറ്റം വരുന്നെന്നും പ്രൊഫസർ പറയുന്നു. വിവാഹം ഒരു പെൺകുട്ടിയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.പല അസുഖങ്ങളും അവരെ വേട്ടയാടുന്നു. വിവാഹം വേണ്ടെന്നുവച്ച 61 ശതമാനം സ്ത്രീകളും സന്തോഷവതികളായി കഴിയുന്നവരാണെന്നും അവരിൽത്തന്നെ 75 ശതമാനത്തോളം പേർ ജീവിതത്തിൽ ഒരിക്കലും പങ്കാളികളേ വേണ്ട എന്ന് തീരുമാനിച്ചവരാണെന്നും പഠനത്തിൽ പറയുന്നു.