gold

തിരൂർ : മോഷ്ടാക്കളുടെ ലക്ഷ്യം ശരിയായിരുന്നുവെങ്കിൽ ഒരു വമ്പൻ കവർച്ചയുടെ വാർത്തയായിരുന്നു ഇന്ന് കേരളം കേൾക്കേണ്ടിയിരുന്നത്. പക്ഷേ കവർച്ച നടത്താനെത്തിയ മോഷ്ടാക്കൾ ജുവലറിയെന്ന് കരുതി കണ്ടുവച്ചത് മുക്കുപണ്ടം വിൽക്കുന്ന വ്യാപാര സ്ഥാപനമായിരുന്നു. തിരൂർ പൂങ്ങോട്ടുകുളത്താണ് ഇന്നലെ പുലർച്ചെ കവർച്ച നടന്നത്. ഇതര സംസ്ഥാനക്കാരായ മൂന്ന് പേരാണ് ഷോപ്പിൽ കവർച്ച നടത്താനായെത്തിയത്. കടയുടെ പൂട്ടുപൊളിച്ച് മൂന്നംഗ സംഘം അകത്തു കടക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽനിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

ഉദ്ദേശം നാലു ലക്ഷം രൂപയുടെ സ്വർണം പൂശിയ ആഭരണങ്ങളാണ് കവർച്ചാ സംഘം കവർന്നത്. ഇതത്രയും സ്വർണമായിരുന്നുവെങ്കിൽ കോടികളുടെ മൂല്യമുണ്ടായിരുന്നു. ആഭരണങ്ങൾക്കു പുറമേ കടയിൽ നിന്നും അയ്യായിരം രൂപയും കവർച്ചാ സംഘം മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടാക്കളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.