ശബരിമല പ്രശ്നത്തിൽ വർഗീയതയെ ചെറുക്കാൻ താൻ മുന്നിൽ നിന്നത് ധാർഷ്ട്യമാണെങ്കിൽ അത് ആവർത്തിക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. പതിവ് പോലെ പരിഹാസം കൂട്ടിക്കലർത്തിയാണ് സർക്കാർ നിലപാടിനെതിരെ ഫേസ്ബുക്കിൽ അഡ്വ. എ ജയശങ്കർ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയവേയാണ് നവോത്ഥാനമൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽ ശക്തിയോടെ പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞത്. പത്തൊമ്പതല്ല ഇരുപതിൽ ഇരുപത്തിയൊന്നിടത്ത് എൽ.ഡി.എഫ് തോറ്റാലും നവോത്ഥാനം പൂർത്തീകരിക്കാതെ ഈ സർക്കാരിന് വിശ്രമമില്ലെന്ന് ജയശങ്കർ അഭിപ്രായപ്പെടുന്നു. ഈ നിലപാടിനെ ധാർഷ്ട്യമെന്നോ അതല്ലെങ്കിൽ വിനയമെന്നോ ഇഷ്ടമുള്ളത് വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിട്ടുവീഴ്ചയില്ല. നവോത്ഥാനം പൂർത്തീകരിക്കാതെ വിശ്രമമില്ല.
ശബരിമല യുവതി പ്രവേശന കാര്യത്തിൽ സർക്കാർ എടുത്ത നിലപാട് പൂർണമായും ശരിയാണ്. പത്തൊമ്പതല്ല ഇരുപതിൽ ഇരുപത്തൊന്നു സീറ്റും തോറ്റാലും കേരളം ബംഗാളല്ല സോവിയറ്റ് യൂണിയൻ ആയാലും അതിൽ മാറ്റമില്ല. ഇതിനെ ധാർഷ്ട്യമെന്നോ വിനയമെന്നോ നിങ്ങൾക്ക് ഉചിതം പോലെ വിളിക്കാം.