ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് പാർട്ടിയെ അടിമുടി മാറ്റാനൊരുങ്ങി രാഹുൽ ഗാന്ധി. ഇതിന്റെ ഭാഗമായി കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗത്തിൽ നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്ന് മുതിർന്ന നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം,പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് ഒഴിയുന്ന തീരുമാനത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഈ ആവശ്യം കോൺഗ്രസിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നാണ് ആശങ്ക.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട് കനത്ത പരാജയത്തെതുടർന്ന് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറാനില്ലെന്ന് ഉറച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചെങ്കിലും രാഹുൽ ഗാന്ധി വഴങ്ങിയിട്ടില്ല. ഇതോടെ കോൺഗ്രസ് അദ്ധ്യക്ഷനായി പരിഗണിക്കുന്നതിനുള്ള പേരുകൾ നേതാക്കൾ ചർച്ച ചെയ്തു തുടങ്ങി. രാജി തീരുമാനത്തിൽ നിന്ന് രാഹുലിനെ പിൻമാറ്റാൻ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കയുമടക്കം നടത്തിയ ശ്രമങ്ങളും ഫലം കാണാത്തതിനെതുടർന്നാണ് പുതിയ നീക്കങ്ങൾ. സാധാരണ പാർട്ടി പ്രവർത്തകനായി തുടരാനാണ് രാഹുലിന് താത്പര്യമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, യു.പി.എ സഖ്യകക്ഷികളായ ഡി.എം.കെയും ആർ.ജെ.ഡിയും രാജിയിൽനിന്ന് പിന്മാറാൻ രാഹുലിനോട് അഭ്യർത്ഥിച്ചിരുന്നു. പാർട്ടി അദ്ധ്യക്ഷപദവിയിൽനിന്ന് രാജിവെക്കുന്നത് ആത്മഹത്യാപരമായ തീരുമാനമാണെന്നായിരുന്നു ലാലു പ്രസാദിന്റെ പ്രതികരണം. രാജിവയ്ക്കരുതെന്നും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനഹൃദയങ്ങൾ കീഴടക്കാൻ രാഹുലിന് സാധിച്ചെന്നായിരുന്നു ഡി.എം.കെ നേതാവ് സ്റ്റാലിൻ പറഞ്ഞത്.
ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ള പേരുകളാണ് അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത്. ഇതിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ പേരാണ് ചർച്ചകളിൽ ഉയർന്നു കേൾക്കുന്നത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എ.കെ.ആന്റണിയുടെ പേരും പരിഗണനയിലുണ്ട്. ഇവരുടെ കാര്യത്തിൽ തർക്കമുണ്ടായാൽ സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ എല്ലാവർക്കും സ്വീകാര്യനെന്ന നിലയിൽ പൃഥ്വിരാജ് ചവാനെയും പരിഗണിക്കുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയാണ് അദ്ധ്യക്ഷ പദവിക്കായി പട്ടികയിലുള്ള മറ്റൊരു നേതാവ്.