baiju-santhosh

പൊലീസാകാൻ കൊതിച്ച തനിക്ക് പിൽക്കാലത്ത് പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയേണ്ടി വന്നത് 70 ദിവസമായിരുന്നെന്ന് നടൻ ബൈജു സന്തോഷ്. സുഹൃത്തുമായി തെറ്റി തോക്കെടുത്തതായിരുന്നു കേസ്. ഒളിവിൽ പോയ പ്രതി വിദേശത്തേക്കു കടന്നതായി മാദ്ധ്യമങ്ങളിൽ വാർത്ത വന്നു. പക്ഷേ താൻ തിരുവനന്തപുരത്തു തന്നെ ഉണ്ടായിരുന്നുവെന്നും ദിവസങ്ങൾ എണ്ണി കഴിയുകയായിരുന്നുവെന്നും ബൈജു പറയുന്നു. പ്രശസ്തനായ പ്രതിയെ പിടികൂടുകയെന്നതു പൊലീസ് അഭിമാനപ്രശ്‌നമായി എടുത്തതോടെ അനുഭവിച്ച സംഘർഷത്തിനു കണക്കില്ല. ഒടുവിൽ ജാമ്യം കിട്ടിയതോടെ പുറത്തുവന്നു. ഒരു വാർത്താമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈജു മനസു തുറന്നത്.

'ജീവിതം എന്തെന്നു പഠിപ്പിച്ചത് ഈ സംഭവമാണ്. അതുവരെ ആരെങ്കിലും ഉപദേശിച്ചാൽ കേൾക്കുന്ന സ്വഭാവമില്ലായിരുന്നു.ഈ കേസോടെ ജീവിതത്തിൽ പക്വതയായി. ആരോട് എങ്ങനെ പെരുമാറണമെന്നു പഠിച്ചു. കേസ് കഴിയുന്നതു വരെ ആരും സിനിമയിലേക്കു വിളിച്ചില്ല. കയ്യിൽ കാശുണ്ടായിരുന്നതു കൊണ്ടു പട്ടിണികിടക്കേണ്ടി വന്നില്ല'-ബൈജു പറയുന്നു.

ബൈജു ഇപ്പോൾ ബൈജു സന്തോഷായതിനു പിന്നിലെ രഹസ്യവും താരം വെളിപ്പെടുത്തി. 'ന്യൂമറോളജി പ്രകാരമായിരുന്നു ഈ മാറ്റം. ഇപ്പോൾ സിനിമയിൽ നല്ല തിരക്കാണ്. റിലീസ് ചെയ്യാനുള്ള 10 സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. അത്രയും തന്നെ ചിത്രങ്ങൾക്കു ഡേറ്റ് കൊടുത്തിട്ടുമുണ്ട്. ബി. സന്തോഷ്‌കുമാർ എന്നാണു യഥാർഥ പേര്. അതുകൊണ്ടാണു പേരു പരിഷ്‌കരിച്ചപ്പോൾ സന്തോഷ് കൂടി ചേർത്തത്'-ബൈജു പറയുന്നു.

സീനിയർ താരമാണെങ്കിലും സിനിമയിൽ സീനിയോറിറ്റിക്കു വിലയൊന്നുമില്ലെന്നാണ് ബൈജുവിന്റെ നിലപാട്. തിളങ്ങിനിൽക്കുമ്പോഴേ വിലയുള്ളൂ. പണ്ടു ക്ഷേത്രങ്ങളിൽ പോയിരുന്നു. 15 വർഷമായി ഈശ്വരവിശ്വാസിയല്ല. പക്ഷേ 'അരവിന്ദന്റെ അതിഥികളി'ൽ അഭിനയിക്കുന്നതിനു കൊല്ലൂരിലെത്തിയപ്പോൾ ഗായകൻ യേശുദാസ് അതേ ഹോട്ടലിലുണ്ടായിരുന്നു. അദ്ദേഹം മൂകാംബിക ക്ഷേത്രത്തിലേക്കു വിളിച്ചുകൊണ്ടുപോയി ചന്ദനം നെറ്റിയിൽ തൊട്ടതും ബൈജു ഓർക്കുന്നു.