മുംബയ്: സീനിയർ ഡോക്ടർമാരുടെ പീഡനത്തെ തുടർന്ന് മരണപ്പെട്ട മുംബയിലെ ബി.വൈ.എൽ നായർ ആശുപത്രിയിലെ ഡോക്ടർ പായൽ താദ്വി യുടെ മരണം കൊലപാതകമെന്ന് താദ്വിയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ. പോസ്റ്റുമാർട്ടം റിപ്പോർട്ട് ആധാരമാക്കിയാണ് അഭിഭാഷകൻ നിതിൻ സത്പുട്ടെ ഈ നിഗമനത്തിൽ എത്തിയത്. 'മരണം സംഭവിച്ചതിന്റെ കാരണം' എന്ന കോളത്തിൽ 'കഴുത്തിൽ കയറിട്ട് മുറുക്കി'യതിന്റെ പാടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
'താദ്വി മരണപ്പെട്ട സാഹചര്യവും ദേഹത്തുള്ള പാടുകളും കണക്കിലെടുക്കുമ്പോൾ ഇത് ആത്മഹത്യയല്ലെന്നും അവർ കൊല ചെയ്യപ്പെട്ടതാണെന്നും പറയാൻ കഴിയും. ഇതൊരു കൊലപാതകമെന്ന രീതിയിലാകണം പൊലീസ് അന്വേഷണം നടത്തേണ്ടത്. ഇതിനായി പൊലീസിന് രണ്ടാഴ്ചത്തെ സമയവും അനുവദിക്കേണ്ടതാണ്. മാത്രമല്ല മറ്റെവിടേക്കോ താദ്വിയുടെ മൃതദേഹം മാറ്റിയ ശേഷം കൊലപാതകി അത് തിരിച്ച് ആശുപത്രിയിലേക്ക് എത്തിച്ചുവെന്നതിനും തെളിവുകൾ ഉണ്ട് ' നിതിൻ സത്പുട്ടെ പറഞ്ഞു.
സംഭവത്തിൽ കുറ്റാരോപിതരായ ഡോക്ടർമാർ ഹേമ അഹൂജ, ഭക്തി മെഹറെ, അങ്കിത ഖണ്ഡേൽവാൾ, എന്നിവർ ഏറെ സ്വാധീനമുള്ളവരാണെന്നും അതിനാൽ തന്നെ കേസിൽ നിന്നും ഏത് വിധേനയും രക്ഷപെടാൻ ഇവർ ശ്രമിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടറായ ജയ് സിംഗ് ദേശായി പറയുന്നുണ്ട്. ഇന്നലെയോടെ പ്രതികളായ മൂവരെയും മുംബയ് പൊലീസ് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. താദ്വിയുടെ മരണം കൊലപാതകമായി കാണണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുകൊണ്ട് മുംബയിലെ കോടതി ഇവരെ റിമാൻഡ് ചെയ്തിരുന്നു.