ഒറ്റപ്പാലം : നവോത്ഥാനത്തെക്കുറിച്ച് ആഴത്തിൽ കേരളം ചർച്ചചെയ്യുന്ന കാലത്ത് പഴയകാലത്തെ ജാതി മേൽക്കോയ്മയുടെ കറുത്തപാടുകൾ ഇനിയും മറഞ്ഞിട്ടില്ലെന്നതിന് തെളിവായി ഒരു ക്ഷേത്രത്തിലെ നോട്ടീസ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ കൂനംതുളളി ക്ഷേത്രോത്സവത്തിൽ ഇതരജാതിക്കാരെ കൊണ്ട് ബ്രാഹ്മണരുടെ കാൽകഴുകിയുള്ള പൂജ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള നോട്ടീസാണ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിലാണ് ക്ഷേത്ര ഭാരവാഹികൾ. ബ്രാഹ്മണ മേധാവിത്വത്തിന്റെ ദുരിതങ്ങൾ അനുഭവിച്ച സമൂഹം വീണ്ടും അത്തരം ഇരുണ്ടകാലത്തേയ്ക്ക് മടങ്ങുവാൻ തയ്യാറെടുക്കുകയാണോ ഇത്തരം ആചാരങ്ങളിലൂടെ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആക്ഷേപം. അഞ്ഞൂറു രൂപ മുൻകൂറായി അടച്ചാൽ മാത്രമേ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടൽ നടത്താൻ അവസരം ലഭിക്കുകയുള്ളൂവെന്ന് നോട്ടീസിൽ പറയുന്നു.
വിശ്വാസികൾക്ക് അഞ്ഞൂറു രൂപ മുൻകൂറായി അടച്ച് രസീത് വാങ്ങിയശേഷം പൂജാ ദിവസം ക്ഷേത്രത്തിലെത്തി ബ്രാഹ്മണ പൂജാരിമാരുടെ കാൽകഴുകി അവർക്ക് ദക്ഷിണയും പുതുവസ്ത്രങ്ങളും നൽകി അനുഗ്രഹം വാങ്ങിക്കാവുന്ന ചടങ്ങാണിത്. അതേ സമയം കാൽകഴുകി ആ വെള്ളം കുടിക്കുന്നതാണ് ഈ ചടങ്ങെന്ന രീതിയിലുള്ള പ്രചരണവും സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ ഈ പൂജ നടത്തിയിട്ടുണ്ടെന്നും അതിനാൽ ഇപ്രാവശ്യവും മുടക്കില്ലെന്നുമുള്ള നിലപാടിലാണ് ക്ഷേത്ര ഭാരവാഹികൾ. ജൂൺ മൂന്നിനാണ് വിവാദമായിരിക്കുന്ന ഈ ചടങ്ങ് നടക്കുക. ഇതിനോടകം തന്നെ പ്രതിഷേധവുമായി ഇടത് യുവജനസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തെ പുറകോട്ട് നടത്തുകയാണ് ഇത്തരം ആചാരങ്ങളെന്ന് പുരോഗമന കലാസാഹിത്യ സംഘം ആരോപിക്കുന്നു.