ന്യൂഡൽഹി: രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ 50 മുതൽ 60 മന്ത്രിമാർ വരെ സത്യപ്രതിഞ്ജ ചെയ്യുമെന്ന് റിപ്പോർട്ട്. കേരളത്തിൽ നിന്നും കുമ്മനം രാജശേഖരന് മന്ത്രിസ്ഥാനം നൽകാനുള്ള സാദ്ധ്യതയുണ്ട്. ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് നിന്നുള്ള ക്ഷണമനുസരിച്ച് മുൻ മിസോറാം ഗവർണറും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായിരുന്ന കുമ്മനം രാജശേഖരൻ ഇന്ന് രാവിലെ ഡൽഹിയിലെത്തി. മുൻ ഗവർണർ എന്ന നിലയിൽ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതാണോ, അതോ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണോ എന്ന് വ്യക്തമല്ല. വി. മുരളീധരൻ, സുരേഷ് ഗോപി, അൽഫോൺസ് കണ്ണന്താനം, പി.സി. തോമസ് തുടങ്ങിയവരുടെ പേരുകളും കേന്ദ്രമന്ത്രിസഭയിലേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്.
അതേസമയം, കേന്ദ്രമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം മന്ത്രിയായി തുടരാനും സാദ്ധ്യതയുണ്ട്. സഖ്യകക്ഷികളിൽ നിന്നും എട്ട് മുതൽ പത്ത് പേർക്ക് വര മന്ത്രിസ്ഥാനം കിട്ടിയേക്കാം. തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്രമോദിയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രപതി ഭവൻ അങ്കണത്തിലെ തുറന്ന വേദിയിൽ വൈകിട്ട് 7നാണ് സത്യപ്രതിജ്ഞ. 6,500 അതിഥികൾ ചടങ്ങിൽ പങ്കെടുക്കും. ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ തലവൻമാരെ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, യു.പി.എ അദ്ധ്യക്ഷ സോണിയഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അതേ സമയം, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ പങ്കെടുക്കില്ല.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്ഘട്ടിലും അടൽസമാധിയിലും ദേശീയ യുദ്ധ സ്‌മാരകത്തിലും എത്തിയ മോദി മഹാത്മാഗാന്ധി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ജവാൻമാർ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും മറ്റു പാർട്ടി നേതാക്കളും സൈനിക തലവൻമാരും മോദിയോടൊപ്പം ഉണ്ടായിരുന്നു.
രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, പ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, സ്മൃതി ഇറാനി, നിർമ്മല സീതാരാമൻ, നരേന്ദ്രസിംഗ് തോമർ, അർജുൻ മേഘ്വാൾ എന്നിവർക്കൊപ്പം പുതുമുഖങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. സുഷമസ്വരാജും ധനമന്ത്രി അരുൺ ജയ്റ്റ്ലിയും മന്ത്രിസഭയിൽ ഉണ്ടാവുമോ എന്ന കാര്യത്തിൽ രാവിലെ വ്യക്തത വന്നിട്ടില്ല. അമിത് ഷാ പാർട്ടി അദ്ധ്യക്ഷനായി തുടരുമെന്നാണ് സൂചന. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഇന്നലെ അമിത് ഷാ രാജ്യസഭാംഗത്വം രാജിവച്ചു. സഖ്യകക്ഷികളായ ജെ.ഡി.യു, എൽ.ജെ.പി, എ.ഡി.എം.കെ എന്നിവയിൽ നിന്നും മന്ത്രിമാർ ഉണ്ടാവും. എൽ.ജെ.പിയിൽ നിന്നും രാംവിലാസ് പാസ്വാന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്.