police

മുംബൈ: മുംബൈ പൊലീസിന് വലിയൊരു അബദ്ധം പറ്റിയിരിക്കുകയാണ്. ഭീകരരാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് പിടികൂടിയത് ഒരു സിനിമയിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാനെത്തിയ യുവാക്കളായ ബൽറാമിനെയും അർബ്ബാസിനെയും. ഹൃത്വിക് റോഷനും ടൈഗർ ഷെറഫും മുഖ്യവേഷത്തിലെത്തുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ചിത്രത്തിൽ ഭീകരരായിട്ടാണ് ബൽറാമും അർബാസും വേഷമിടുന്നത്.

വെടിയുണ്ടകൾ നിറച്ച ജാക്കറ്റുകളൊക്കെ ധരിച്തിന് ശേഷം ഇരുവർക്കും സിഗരറ്റ് വലിക്കണമെന്നൊരു ആഗ്രഹം. ഉടൻതന്നെ ഒരുവാനിൽ നിഗരറ്റ് വാങ്ങാനിറങ്ങി. ഇതാണ് എല്ലാ പൊല്ലാപ്പിനും കാരണം. ബാലകോട് ആക്രമണം ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു ഇവരുടെ വസ്ത്രധാരണം. പഞ്ചവടി നാക പ്രദേശത്ത് വച്ച് ഇരുവരെയും വിമുക്ത ഭടനായ എ.ടി.എം സെക്യൂരിറ്റി ഗാർഡ് കണ്ടു. ഉടൻ ഇദ്ദേഹം സഹോദരനോട് പൊലീസിനോട് വിവരമറിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഒരു ഭീകരൻ സിഗരറ്റ് വാങ്ങുന്നതും വേറൊരു ഭീകരൻ കാത്തുനിൽക്കുന്നതും കണ്ടെന്നായിരുന്നു പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ പൊലീസ് പെട്ടെന്ന് തന്നെ സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബൽറാമും അർബ്ബാസുമെത്തിയ വാഹനത്തിന്റെ നമ്പർ മനസിലാക്കി, മറ്റ് പൊലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചു. ഏഴ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ എല്ലാ ജോലികളും നിർത്തിവച്ച് ഭീകരർക്കായി തെരച്ചിൽ തുടങ്ങി. തീര സംരക്ഷണസേനയും ഇവർക്കൊപ്പം കൂടി. പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഒരുമണിക്കൂറത്തെ കഠിന പരിശ്രമത്തിനൊടുവിൽ 'ഭീകരർ' പിടിയിലായി. ഒരു ചിത്രത്തിലെ അഭിനേതാക്കളാണ് തങ്ങൾ എന്ന് ഇവർ മൊഴി നൽകിയെങ്കിലും പൊലീസ് ആദ്യം ഇത് വിശ്വസിച്ചില്ല. തുടർന്ന് ഷൂട്ടിംഗ് ലൊക്കേനിലും പൊലീസെത്തി. അവിടെവച്ചാണ് സത്യാവസ്ഥ പൊലീസ് അറിയുന്നത്. ഇരുവരെയും പൊലീസ് വെറുതെ വിട്ടെങ്കിലും ഇവർക്കെതിരെ ഭീകരത സൃഷ്ടിച്ചതിന് കേസെടുത്തിട്ടുണ്ട്.