modi-varanasi

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കുള്ള എല്ലാ ഒരുക്കങ്ങളും രാഷ്‌ട്രപതിഭവനിൽ പൂർത്തിയായി. ഇതിന് മുന്നോടിയായി വിശിഷ്‌ടാതിഥികളായ 250 പേർക്ക് പ്രത്യേക ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്. 'കാശി ശങ്കുൽ' എന്ന് പേരിട്ടിട്ടുള്ള ഈ ഗാലറിയിൽ ഉൾപ്പെട്ടിട്ടുള്ളവർ എല്ലാംതന്നെ നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ നിന്നുള്ളവരാണ്. ബി.ജെ.പിയുടെ കാശി മേഖലയിലെ ഉപാദ്ധ്യക്ഷനായ ധർമ്മേന്ദ്ര സിംഗിനാണ് കാശി ശങ്കുലിന്റെ പ്രധാന ചുമതല.

'സത്യപ്രതിജ്ഞയ്‌ക്കെത്തുന്ന ഓരോ അതിഥികളുടെയും പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് ബുധനാഴ്‌ച തന്നെ ഞങ്ങൾക്ക് കൈമാറിയിരുന്നു. അതിനനുസരിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. ശിവഗംഗ എക്‌സ്‌പ്രസ്, മന്ദുവാദി- ന്യൂഡൽഹി എക്‌സ്‌പ്രസ് എന്നീ തീവണ്ടികളിൽ പ്രത്യേക കോച്ച് തന്നെ അതിഥികൾക്കായി ഒരുക്കി കഴിഞ്ഞു'-ധർമ്മേന്ദ്ര സിംഗ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കൾക്കാണ് കാശി ശങ്കുൽ എന്ന പേരിൽ ഗാലറി ഒരുക്കിയിരിക്കുന്നതെന്നും ധർമ്മേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. 2014ൽ വാരണാസിയിൽ നിന്ന് 40 പേർക്കു മാത്രമാണ് ക്ഷണം ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ അത് 250ലേക്ക് ഉയരുകയായിരുന്നു.

ഇന്ന് വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മോദിക്കൊപ്പം രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, പ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, സ്മൃതി ഇറാനി, നിർമ്മല സീതാരാമൻ, നരേന്ദ്രസിംഗ് തോമർ, അർജുൻ മേഘ്വാൾ തുടങ്ങി ഒന്നാം മോദി സർക്കാരിലെ പ്രമുഖരും ഏതാനും പുതുമുഖങ്ങളും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.