annabelle

കാണികളെ ഭീതിയുടെ മുൾമുനയിലെത്തിച്ച ഹോളിവുഡ് ഹൊറർ സീരീസായ 'അനബെലി'ന്റെ മൂന്നാം ഭാഗമായ 'അനബെൽ കംസ് ഹോം' റിലീസ് ചെയ്യാൻ ഇനി അധികം നാളുകളില്ല. അതിനിടെ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ യൂട്യൂബ് വഴി പുറത്തിറങ്ങിയിരിക്കുകയാണ്.

'എക്സോർസിസ്റ്റു'കളായ വാറൻ ദമ്പതികളുടെ വീട്ടിലേക്ക് തിന്മയുടെയും ഹിംസയുടേയും മൂർത്തീകരണമായ 'അനബെൽ' എന്ന പാവ മടങ്ങിയെത്തുന്നതും അത് 'വാറണു'കളുടെ മകളെയും കൂട്ടിരിപ്പുകാരിയെയും വേട്ടയാടുന്നതുമാണ് ട്രെയിലറിൽ കാണുന്നത്.

എന്നാൽ ഇത്തവണ അനബെൽ ഒറ്റയ്ക്കല്ല. പ്രേതങ്ങളെ ഒഴിപ്പിക്കുന്ന എഡ് വാരണും ലൊർറെയിൻ വാറണും തിന്മയുടെ ഉൾക്കൊള്ളുന്ന നിരവധി വസ്തുക്കൾ തങ്ങളുടെ വീട്ടിൽ സൂക്ഷിട്ടുണ്ട്. ഇവയെ തന്നോടൊപ്പം ചേർത്തുകൊണ്ട് എതിർക്കാൻ പറ്റാത്ത ശക്തിയായാണ് അനബെൽ എത്തുന്നത്. കുഞ്ഞായ വാറണുകളുടെ മകളെയും കൗമാരക്കാരിയായ ബേബിസിറ്ററിനെയുമാണ് അനബെൽ ലക്ഷ്യമിടുന്നത്.

ദുഷ്ടശക്തികൾക്കുള്ള 'പോർട്ടലാ'ണ് അനബെൽ എന്നും അതുകൊണ്ടുതന്നെ ഈ പാവയെ തടയുന്നത് ദുഷ്ക്കരമാണെന്നും ട്രെയിലറിൽ പറയുന്നുണ്ട്. ഏതായാലും അനബെലിനെ തടഞ്ഞ് മകളെ രക്ഷിക്കാൻ വാറൺ ദമ്പതികൾക്ക് ആവുമോ എന്നറിയാൻ ജൂൺ 26 വരെ കാത്തിരിക്കണം.